ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ വനംവകുപ്പിന്റെ ദ്രോഹം തുടർക്കഥf
1484356
Wednesday, December 4, 2024 5:58 AM IST
കേളകം: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ കേളകം പഞ്ചായത്തിലെ പൂക്കുണ്ടിൽ താമസിക്കുന്ന കോയിക്കൽ ജോർജുകുട്ടിയുടെ ചികിത്സക്ക് വനം വകുപ്പ് ആവശ്യമായ സഹായങ്ങൾ നൽകിയില്ലെന്ന ആരോപണം വീണ്ടും ചർച്ചയാകുന്നു. നേരത്തെ കാട്ടാനയാക്രമണത്തിനിരയായ ജോർജ് കുട്ടിയെ വനംവകുപ്പ് വാഗ്ദാനം ചെയ്ത ചികിത്സാ സഹായം നൽകാതിരിക്കുകയാണ് ചെയ്തതെങ്കിൽ ഇപ്പോൾ റീസർവേയിൽ റീസർവേയിൽ കുറേയധികം സ്ഥലം പിടിച്ചെടുക്കുന്ന നിലപാടാണ് വനംവകുപ്പിന്റേത്.
നേരത്തെയുള്ള സ്ഥലത്തിൽനിന്ന് കുറച്ചു ഭൂമി ഇടയ്ക്ക് വിറ്റിരുന്നു. ജോർജുകുട്ടിയുടെ മാത്രം 55 സെന്റെ വരെ ഭൂമി പുറമ്പോക്കാകും എന്നാണ് സർവേ വകുപ്പ് പറഞ്ഞത്. വിറ്റ ഭൂമിയുടെ കൂടി അളവ് ചേർത്താൽ 65 സെന്റിനും മുകളിലാണ് പുറമ്പോക്കാകുന്നത്. ജോർജുകുട്ടിയുടെ ഈ ഭൂമി ചീങ്കണ്ണി പുഴയുടെ പുറമ്പോക്കാക്കി വനംവകുപ്പ് തങ്ങളുടെ വരുത്തിയിലാക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്. ഈ ഭൂമി കഴിഞ്ഞ 50 മീറ്റർ മുന്നോട്ട് പോയാൽ ആനമതിലും കഴിഞ്ഞ് പുഴയിലാണ് പുഴയുടെ അതിർത്തിയായി റവന്യൂ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സമാനമായ സ്ഥിതിയാണ് ഇവിടുത്തെ മറ്റു കർഷകരും നേരിടുന്നത്.2015 നു മുമ്പ് ഇവിടെ കടുത്ത കാട്ടാന ശല്യം ആയിരുന്നു.ആനപ്രതിരോധ മതിൽ നിർമാണത്തിനുശേഷം സമാധാനത്തോടെ തങ്ങൾ ജീവിക്കുകയായിരുന്നു എന്ന് പറയുന്നു.എന്നാൽ ഇപ്പോൾ വനം -റവന്യ വകുപ്പുകൾ ചേർന്ന് തങ്ങളുടെ സമാധാനം നശിപ്പിക്കുകയാണ് എന്നാണ് കർഷകർ പറയുന്നത്.
2014 ജനുവരി ഒന്നിന് രാത്രിയാണ് ജോർജുകുട്ടിയെ കാട്ടാന ആക്രമിച്ചത്. കൃഷിയിടത്തിൽ നിന്ന് വലിയ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ജോർജുകുട്ടിയെ ഇരുളിൽ മറഞ്ഞു നിന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഇടതു കണ്ണിന് ഗുരുതര പരിക്കേൽക്കുകയും അസ്ഥികൾ പലതും ഒടിയുകയും ചെയ്ത ജോർജ് കുട്ടി ദീർഘകാലം ചികിത്സയിലായിരുന്നു. പത്തു ലക്ഷത്തോളം രൂപ ചികിത്സയാക്കായി ചെലവായി. ആദ്യഘട്ടത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത വനംവകുപ്പ് 75,000 രൂപ നൽകിയ ശേഷം വന്യജീവിയാക്രമണത്തിൽ പരിക്കേറ്റാൽ പരാമവധി ഇത്രയും തുകയേ നൽകാനാകൂ എന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.