കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
1484351
Wednesday, December 4, 2024 5:58 AM IST
ചെറുപുഴ: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഇടിമിന്നലിലും കാർഷിക വിളകൾക്ക് വ്യാപക നാശനഷ്ടം. കൊല്ലാട കുണ്ടയംകോട്ടെ പലേരി പത്മനാഭൻ കൃഷിചെയ്ത 270 മൂട് കപ്പ മുഴുവൻ കനത്ത കാറ്റിൽ നിലംപൊത്തി. വാണിജ്യ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി കൃഷിചെയ്ത മരച്ചീനി സാധാരണ ഒരു മൂടിൽ നിന്ന് 45 കിലോ വരെ വിളവെടുക്കാറുണ്ടെന്നു പദ്മനാഭൻ പറഞ്ഞു.
കാട്ടുപന്നികളെത്തി ഇവയിൽ കുറെ കുത്തി മറിച്ചിരുന്നു. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റും മഴയും ബാക്കി കപ്പയും നശിപ്പിച്ചു.
ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാമായിരുന്ന കപ്പയാണ് നിലംപൊത്തിയത്. കൂടാതെ അഞ്ച് തെങ്ങിൻ തൈകളും കാട്ടുപന്നി നശിപ്പിച്ചു. വന്യജീവി ആക്രമണവും പ്രകൃതി ക്ഷോഭവും തുടരെത്തുടരേ ഉണ്ടാകുന്ന സാഹചര്യത്തിൽ കർഷകർ നിർബന്ധമായും വിളകൾ ഇൻഷ്വറൻസ് ചെയ്യണമെന്ന് കൃഷിയിടം സന്ദർശിച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ പറഞ്ഞു.
വിള ഇൻഷ്വർ ചെയ്യാത്തവർക്കും പ്രകൃതി ക്ഷോഭം മൂലമാണ് നാശനഷ്ട്ടമെങ്കിൽ ആശ്വാസമായി ആനുകൂല്യം കൊടുക്കാമെന്നും വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരം വിള ഇൻഷുർ ചെയ്തവർക്ക് മാത്രമേ നൽകാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ തിരുമേനി കോക്കടവിലെ പുത്തോത്ത് ജെയ്സന്റെ അഞ്ച് തെങ്ങിനും 10 കമുകിനും നാശമുണ്ടായി. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ എന്നിവർ സ്ഥലം സന്ദർശിച്ചു.