പ്രകൃതിക്ഷോഭ നഷ്ടപരിഹാരം: കേന്ദ്രവിഹിതം കിട്ടുന്നു; സംസ്ഥാന വിഹിതം അനിശ്ചിതത്വത്തിൽ
1484349
Wednesday, December 4, 2024 5:58 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: വലിയ പ്രതീക്ഷയോടെ കൃഷിയിറക്കുന്ന കർഷകർക്ക് പ്രകൃതിക്ഷോഭം മൂലം നൽകുന്ന നാമമാത്രമായ നഷ്ടപരിഹാരം നൽകുന്നതിലും ക്ഷാമം. കണ്ണൂർ ജില്ലയിൽ മാത്രം നവംബർ 30 വരെ നൽകാനുള്ളത് 3,37,33,581 രൂപയാണ്. ഇതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 3,19,79,206 രൂപയാണ് നൽകാനുള്ളത്. 2022 ജനുവരി ഒന്നുമുതലുള്ള തുകയാണ് ഇനി നൽകാനുള്ളത്.
കേന്ദ്ര സർക്കാരിന്റെ വിഹിതമായ 35,74,635 രൂപ അനുവദിച്ചതിൽ 18,20,260 രൂപ വിതരണം ചെയ്തു. ഇത് 2024 ഏപ്രിൽ വരെയുള്ളതാണ്. ബാക്കിയുള്ള തുകയിൽ ജൂലൈ 18 വരെയുള്ളവ അനുവദിച്ചുവന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇതു വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിന്ദു കെ. മാത്യു പറഞ്ഞു. ജില്ലയിൽ 2024 ജനുവരി ഒന്നുമുതൽ നവംബർ 30 വരെ 2369 അപേക്ഷകളിൽ 1,48,77,513 രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ കേന്ദ്രവിഹിതം 16,34,330 രൂപയും സംസ്ഥാന വിഹിതം 1,31,93,183 രൂപയുമാണ്.
തളിപ്പറന്പ് താലൂക്കിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെനിന്നും 369 പരാതികൾ സ്വീകരിച്ച് 29,77,936 രൂപ വകയിരുത്തി. തൊട്ടുപിന്നിൽ ഇരിക്കൂറും പയ്യന്നൂരും ഉണ്ട്. കണ്ണൂരിലാണ് ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത്. ജൂലൈ അവസാനവാരത്തിലും ഓഗസ്റ്റ് ആദ്യവാരത്തിലുമാണ് ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. കഴിഞ്ഞ രണ്ടുദിവസമായി ന്യൂനമർദത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഞ്ചുവർഷം മുന്പ് നിശ്ചയിച്ച തുകയാണ് വിളകൾക്ക് നഷ്ടപരിഹാരമായി ഇപ്പോഴും നൽകിവരുന്നത്. നഷ്ടപരിഹാരം അടിയന്തരമായും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും കാർഷിക വിളകളുടെ നഷ്ടപരിഹാര തുക ഉയർത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
നഷ്ടപരിഹാരം
ലഭിക്കുന്നത്
‘ഉപ്പും തവിടുമായി’
കായ്ക്കുന്ന ഒരു തെങ്ങ് നഷ്ടപ്പെട്ടാൽ കർഷകന് ലഭിക്കേണ്ടത് 700 രൂപയാണ്. ഇത് ലഭിക്കുന്നതാകട്ടെ രണ്ടുഘട്ടങ്ങളിലായി. കേന്ദ്ര വിഹിതമായ 102. 80 രൂപ ഇപ്പോഴത്തെ സ്ഥിതിയിൽ ആദ്യം ബാങ്ക് അക്കൗണ്ടിലെത്തും. പിന്നീട് നാളുകൾ കഴിഞ്ഞാണ് സംസ്ഥാന സർക്കാരിന്റെ വിഹിതമായ 597.20 രൂപ ലഭ്യമാകുന്നത്. കർഷകന് ഒരു പ്രയോജനവും ലഭിക്കാത്ത തരത്തിലുള്ളതാണ് ഇപ്പോഴത്തെ നഷ്ടപരിഹാര വിതരണം.
ഇതുപോലെ തന്നെയാണ് മിക്ക കാർഷിക വിളകളുടെയും നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. നെല്ല് ഉൾപ്പെടെയുള്ള ചുരുക്കം ചില വിളകൾക്കാണ് കേന്ദ്രവിഹിതം മാത്രമുള്ളത്.
2024 ജനുവരി ഒന്നുമുതൽ നവംബർ 30 വരെയുള്ള താലൂക്ക് തിരിച്ചുള്ള കണക്ക്
താലൂക്ക് ആകെ അപേക്ഷ നഷ്ടപരിഹാരത്തുക
എടക്കാട് 77 3,63,829
ഇരിക്കൂർ 362 25,98,373
ഇരിട്ടി 281 27,79,707
കല്യാശേരി 80 1,40,900
കണ്ണൂർ 24 39,985
കൂത്തുപറന്പ് 250 18,26,924
പാനൂർ 89 2,28,448
പയ്യന്നൂർ 351 9,96,814
പേരാവൂർ 349 22,79,373
തലശേരി 137 6,45,254
തളിപ്പറന്പ് 369 29,77,936