റോഡിന്റെ പാർശ്വഭിത്തി തകർന്ന് മണ്ണിടിഞ്ഞു; വീട് ഭീഷണിയിൽ
1484346
Wednesday, December 4, 2024 5:58 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ കോളി - പൂവഞ്ചാൽ - തോണ്ടിക്കുഴി- കാപ്പിമല റോഡിൽ ആനക്കുഴിയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞത് സമീപത്തെ വീടിന് ഭീഷണിയായി. മുകളേൽ ബിജുവിന്റെ വീടിനാണ് മണ്ണിടിച്ചിൽ ഭീഷണിയാകുന്നത്. വീടിന്റെ പിറക് വശത്തെ അഞ്ച് മീറ്റർ ഉയരത്തിലുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഇതേ തുടർന്ന് കല്ലും മണ്ണും ഇനിയും ഏതു സമയവും താഴേക്കു പതിച്ചേക്കാമെന്ന അവസ്ഥയിലാണ്.
ഇന്നലെ ഉച്ച കഴിഞ്ഞുണ്ടായ ശക്തമായ മഴയിലാണ് റോഡിന്റെ ഭിത്തി തകർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, അംഗം വി.സി. പ്രകാശ് എന്നിവർ സ്ഥലം സന്ദർശിച്ചു. അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ദുരന്തനിവാരണ അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.