ശ്രീകണ്ഠപുരത്ത് പട്ടാപ്പകൽ കടയിൽനിന്ന് അഞ്ചു ലക്ഷം കവർന്നു
1484345
Wednesday, December 4, 2024 5:58 AM IST
ശ്രീകണ്ഠപുരം: മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് പട്ടാപ്പകൽ അഞ്ചു ലക്ഷം രൂപ മോഷണം പോയതായി പരാതി. ശ്രീകണ്ഠപുരം ഓടത്തുപാലത്തിന് സമീപത്തെ എസ്എംഎസ് ട്രേഡേഴ്സില്‍നിന്ന് പണം കവർന്നതായി കാണിച്ച് സ്ഥാപന നടത്തിപ്പുകാരൻ മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി അഷ്ക്കറാണ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയത്.
കോഴിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാര സ്ഥാപനമാണിത്. അഷ്ക്കറിന്റെ സഹോദരന് ബാപ്പുവിന്റെ പേരിലാണ് സ്ഥാപനത്തിന്റെ ലൈസൻസ്. മൂന്നു ഷട്ടറുകളുള്ള കടയിൽ രണ്ട് ഷട്ടറുകൾ ചരക്കിറക്കുന്നതിനായി പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്നു. ഇതിനിടെ കടയിലെ തൊഴിലാളിയായ അസം സ്വദേശി കാഷ് കൗണ്ടർ ഉൾപ്പെടെ പ്രവർത്തിക്കുന്ന മൂന്നാമത്തെ കടമുറിയുടെ അടച്ചിട്ട ഷട്ടർ തുറന്ന് അകത്ത് പോയപ്പോൾ കാബിൻ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ അഷ്ക്കറിനെ വിളിച്ചറിയിച്ചു. അഷ്ക്കർ എത്തി പരിശോധിച്ചപ്പോഴാണ് മേശ വലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ശ്രീകണ്ഠപുരം സിഐ ടി.എന്‍. സന്തോഷ്കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്. തമിഴ്നാട്ടിലെ കമ്പനിക്ക് ബാങ്കിൽ അടക്കാനായി കടമുറിയിലെ കാബിനിലെ മേശ വലിപ്പിൽ സൂക്ഷിച്ചതാണ് പണമെന്ന് കടയുടമ ബാപ്പു പറഞ്ഞു.