അഴീക്കലിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
1484178
Tuesday, December 3, 2024 10:03 PM IST
അഴീക്കോട്: അഴീക്കലിൽ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഒറീസ സ്വദേശി രമേശ് ദാസാണ് (38)കൊല്ലപ്പെട്ടത്. അഴീക്കൽ ഹാർബറിനടുത്ത് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിനു സമീപം നിർമാണം നടക്കുന്ന ഫിഷറീസ് വകുപ്പിന്റെ കെട്ടിടത്തിലാണു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തോടെ ഹാർബർ സൈറ്റ് എൻജിനിയറാണ് മൃതദേഹം കണ്ടത്. ഇദ്ദേഹമാണ് തൊട്ടടുത്ത കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കോസ്റ്റൽ പോലീസും വളപട്ടണം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം തലയിൽ കല്ലുവീണ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിൽനിന്ന് രണ്ടു സിം കാർഡുകൾ കിട്ടിയിട്ടുണ്ട്. മൊബൈൽ ഫോൺ കാണാനില്ല. പോലീസ് കമ്മീഷണർ അജിത്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബേബി ജോൺ, വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക്കും പരിശോധന നടത്തി. മണം പിടിച്ച പോലീസ് നായ ഹാർബറിനുള്ളിൽ കയറിയശേഷം പടിഞ്ഞാറു ഭാഗത്തെ പെട്ടിക്കടവരെ ഓടി. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.