മോഷ്ടാവ് അയൽവാസി ! ഞെട്ടൽ മാറാതെ അഷറഫ്
1484024
Tuesday, December 3, 2024 6:03 AM IST
കണ്ണൂർ: നഷ്ടപ്പെട്ട മുതൽ തിരിച്ചുകിട്ടിയതിന്റെ സന്തോഷമുണ്ടെങ്കിലും അയൽവാസി തന്നെയാണ് മോഷ്ടാവെന്ന ഞെട്ടലിലാണ് വളപട്ടണം മന്നയിലെ കെ.പി.അഷറഫ്.
കവർച്ച നടന്നതിനെത്തുടർന്ന് ആരെയും സംശയിക്കുന്നതായി അഷറഫ് പോലീസിന് മൊഴി നൽകിയിരുന്നില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുകയും ചെയ്തു. പണവും ആഭരണവും കവർച്ച ചെയ്തപ്പോൾ മുതൽ ബന്ധുക്കളെ സംശയനിഴലിൽ നിർത്താൻ ചിലർ ശ്രമിച്ചിരുന്നു. അത് ഏറെ വേദനിപ്പിച്ചുവെന്ന് അഷറഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ഉൾപ്പടെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ പ്രയാസവും ഉണ്ടായിരുന്നു.
എങ്കിലും സത്യം പുറത്തുവരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും അഷറഫ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, ഡ്രൈവർമാർ, ഡെലിവറി ജീവനക്കാർ എന്നിവരുൾപ്പടെയുള്ളവർ പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്നു. കവർച്ച നടന്ന ദിവസം മുതൽ ആഹാരം പോലും കഴിക്കാൻ തൊഴിലാളികൾക്കായില്ല.
ചിലർക്ക് ഇതുകാരണം അസുഖങ്ങളുമുണ്ടായി. തങ്ങൾ നിരപരാധികളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഇവർ ആഹാരം പോലും കഴിച്ചുതുടങ്ങിയതെന്നും പഴുതടച്ചുള്ള പോലീസിന്റെ അന്വേഷണത്തിനും ഒപ്പം ദൈവത്തിനും നന്ദിയുണ്ടെന്ന് അഷറഫ് പറഞ്ഞു.