നാട്ടിൽ മാന്യൻ, തൊഴിൽ കവർച്ച
1484023
Tuesday, December 3, 2024 6:03 AM IST
സ്വന്തം ലേഖിക
കണ്ണൂർ: നാട്ടിൽ ആരുമായും അടുത്ത ബന്ധം പുലർത്താത്ത ലിജേഷ് പഠിച്ച കള്ളനാണെന്ന് പോലീസ്. നല്ല വെൽഡിംഗ് തൊഴിലാളിയായ ലിജേഷ് 40 മിനിറ്റാണ് മോഷണത്തിനായി ആകെ എടുത്തത്. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ ജനൽ അറുത്തുമാറ്റി വീടിന്റെ അകത്തുകടന്ന് മോഷണശ്രമം ആരംഭിച്ചു. ആദ്യം രണ്ടു റൂമുകളിൽ കയറിയെങ്കിലും അവിടുന്നു കിട്ടിയ താക്കോലിന്റെ അടിസ്ഥാനത്തിലാണ് ലിജേഷ് ലോക്കറുള്ള റൂമിൽ കയറിയത്.
രണ്ടാമത്തെ റൂമിൽനിന്ന് ലഭിച്ച താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചു. എന്നാൽ, അതു തുറന്നു വരാതായതോടെ ലിജേഷ് കൊണ്ടുവന്ന ഉളി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ലോക്കർ തുറക്കുകയായിരുന്നു. തുടർന്ന് അതിൽനിന്നും ലഭിച്ച പണവും സ്വർണാഭരണങ്ങളും ചാക്കുകളിലാക്കി വീട്ടിൽനിന്ന് സ്വന്തം വീട്ടിലെ ടെറസിൽ എത്തിച്ച് അവിടെത്തന്നെ സൂക്ഷിച്ചു. മോഷണത്തിന് ഉപയോഗിച്ച വസ്ത്രങ്ങളും ഗ്ലൗസും എല്ലാം ടെറസിൽ തന്നെ ഉപേക്ഷിച്ച് ലിജേഷ് സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ചു.
തുടർന്ന് സിസിടിവിയിൽ കാണുന്നതു പോലെ ഫോൺ വിളിച്ച് കവർച്ച നടന്ന വീടിന്റെ മുന്നിലൂടെ നടന്നു. പിന്നീട് പുതിയതെരുവിലെ മെഡിക്കൽ ഷോപ്പിലെത്തി മരുന്നു വാങ്ങുകയും തിരിച്ച് വീട്ടിലെത്തി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ലോക്കർ തുറക്കാനായി ഉപയോഗിച്ച ഉളി വീട്ടിൽ മറന്ന് വച്ചതോടെ 21 ന് ലിജേഷ് വീണ്ടും അഷറഫിന്റെ വീട്ടിൽ കയറി.
എന്നാൽ, ഉളി കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കാമറയിൽ ദൃശ്യം പതിയാതിരിക്കാൻ ലിജേഷ് കാമറ തിരിച്ചു വച്ചിരുന്നു. ലോക്കർ റൂമിന്റെ സൈഡിലേക്ക് കാമറ തിരിച്ചുവച്ചതും ലിജേഷിനെ കുടുക്കി. ലിജേഷ് ലോക്കർ തുറക്കുന്നതും പണം ശേഖരിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
21 നാണ് പണവും ആഭരണങ്ങളും സൂക്ഷിക്കാനുള്ള ലോക്കർ ലിജേഷ് നിർമിച്ചത്. ഭാര്യയും അമ്മയും ആശുപത്രിയിൽ പോയ സമയത്ത് ഒരു മണിക്കൂർ കൊണ്ട് നിർമിച്ച ലോക്കറിലേക്ക് പണവും സ്വർണാഭരണങ്ങളും മാറ്റുകയായിരുന്നു. ശേഷം മോഷണത്തിന് ഉപയോഗിച്ച വസ്ത്രങ്ങൾ ടെറസിൽ വച്ചുതന്നെ കത്തിക്കുകയും ചെയ്തു.
തെളിവായത്
കീച്ചേരിക്കവർച്ച
ഗള്‍ഫില്‍ കാര്‍ഗോ ബിസിനസ് നടത്തുന്ന നിയാസ് എന്നയാളുടെ വീട്ടിലായിരുന്നു അന്നത്തെ കവര്‍ച്ച. ആ വീട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായ പ്രതി നിർമാണപ്രവൃത്തികൾ നടത്തിയിരുന്നു. മേൽക്കൂരയിൽ ഇയാൾതന്നെ ഇട്ട ഷീറ്റ് ഇളക്കിമാറ്റിയാണ് അകത്തുകയറി മോഷണം നടത്തിയത്. കീച്ചേരിയിലെ വീട്ടുടമ ഹൃദയാഘാതം വന്നു മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പായിരുന്നു കവര്‍ച്ച. അവിടെ നിന്ന് ലിജേഷ് 11 പവനും നാലരലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. അന്നു തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. ആ വിരലടയാളം പോലീസ് സൂക്ഷിച്ചുവച്ചിരുന്നു. അഷറഫിന്റെ വീട്ടില്‍നിന്നു സ്വര്‍ണവും പണവും മോഷണം പോയതോടെയാണ് സമാന മോഷണ സംഭവങ്ങളിലേക്ക് പോലീസ് അന്വേഷണം നടത്തിയത്. ഇതോടെയാണ് കീച്ചേരിയിലെ മോഷണം പരിശോധിച്ചത്.
ഈ മോഷണം നടക്കുന്ന വേളയില്‍ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍ കഷണ്ടിയുള്ളയാളാണ് മോഷ്ടാവ് എന്നു വ്യക്തമായി. അങ്ങിനെയാണ് രണ്ടു മോഷണങ്ങളും തമ്മിലുള്ള താരതമ്യം പോലീസ് നടത്തിയത്. ഇതു കേസന്വേഷണത്തില്‍ വഴിത്തിരിവായി മാറി. ലിജേഷിന്റെ വിരലടയാളവും മാച്ചായതോടെ പ്രതി ഇയാൾ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ലിജേഷിന്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ വളപട്ടണം കവർച്ചയുടെ വാർത്തകൾ നിരന്തരം തെരഞ്ഞുകൊണ്ടിരിക്കുന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിരുന്നു.
നടുങ്ങി നാട്ടുകാർ
നാട്ടിൽ മാന്യനായ ലിജേഷിനെ കവർച്ചാക്കേസിൽ പിടിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അടുത്ത സുഹൃത്തുക്കൾ ആരുമില്ലെങ്കിലും നാട്ടുകാരോടൊക്കെ നല്ലരീതിയിലായിരുന്നു ലിജേഷിന്റെ പെരുമാറ്റം.
വീട്ടിലും ആർക്കും ലിജേഷിന് ഇത്തരത്തിൽ ഒരു സ്വഭാവം ഉള്ളതായി അറിയില്ല. പോലീസ് തൊണ്ടിമുതൽ തേടി വീട്ടിലെത്തിയപ്പോഴാണ് കുടുംബം ലിജേഷാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞത്. 2009 ൽ രണ്ടു വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ വെൽഡിംഗ് ജോലി നോക്കുകയായിരുന്നു. സാന്പത്തികമായി ഉയർന്ന നിലയിലാണ് ലിജേഷിന്റെ കുടുംബം. എന്തിനാണ് ഇത്തരത്തിൽ മോഷണം നടത്തിയതെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മോഷണവിവരം പുറത്തറിഞ്ഞ ദിവസം ലിജേഷിന്റെ വീട്ടിൽ പോലീസ് പോയിരുന്നു. സംശയാസ്പദമായി എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജേഷിനോട് അന്വേഷിക്കുകയും ചെയ്തു. ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി.
അതേസമയം, ലിജേഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. ഇതു ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി ലിജേഷ് നൽകിയില്ല. അറ നിർമിക്കുന്പോഴോ മറ്റോ ആയതാകാമെന്ന സംശയത്തിലാണ് പോലീസ്.