കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്
1484021
Tuesday, December 3, 2024 6:03 AM IST
പേരാവൂർ: കല്ലേരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ 34 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്കു പോകുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി എതിരേവന്ന ബസിൽ ഇടിക്കുകായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പയ്യന്നൂരിലേക്ക് വരികയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിനീങ്ങി റോഡരികിലെ മരത്തിലിടിച്ച് നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് ബസുകളിലെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ 22 പേരെ പേരാവൂരിലെ ആശുപത്രിയിലും മറ്റുള്ളവരെ ഇരിട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ് പേരാവൂർ, ഇരിട്ടി ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ. ജോസ് (48), പാത്തുകുട്ടി (70), ശ്രീഷ്മ (34), സേവ്യർ (58), ഉഷ (52), കരോലിൻ (12), എയ്ഞ്ചൽ റോസ് (17), ജെൻസി (44) , ഷിനി (40), ഹാജിറ (48), ഷാഹിന (19), ഹംസ (70), ഇന്ദിര (65), മിലാനൂർ (25), അജ്റൂൾ (26),രാധിക (24), സുജാത (54), വിജയശ്രീ (51), ലീലാമ്മ (65), അലീന (22), ലിസി ജോയ് (51), ആൽബിൻ സേവിയർ(20), അഭിനന്ദ് (21), ഫെബിന(21), ശാന്തമ്മ (65), സഫ്വാൻ(23), സോമൻ (73),ഡോ. അതുല്യ പോൾ (30), ഷേർലി(40), മുഹമ്മദ് സയ്യിദ് (38), പ്രഭാകരൻ (68), ഉഷ (57), മറ്റു ചിലർ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു