പറശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
1484018
Tuesday, December 3, 2024 6:03 AM IST
തളിപ്പറമ്പ്: പറശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. സതീശന് മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു.
ഉച്ചയ്ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ തയാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് രണ്ടു മുതല്‍ മലയിറക്കല്‍ കര്‍മം. മൂന്ന് മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ്, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്ണപ്പകിട്ടാര്ന്ന കാഴ്ചവരവുകള്‍ എന്നിവ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേർന്നു.
സന്ധ്യയോടെ മുത്തപ്പന് വെള്ളാട്ടം, അന്തിവേല, കലശം, എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്ന് പുലര്‍ച്ചെ തിരുവപ്പന. രാവിലെ പത്തോടെ കാഴ്ചവരവുകാരെ മുത്തപ്പന് അനുഗ്രഹിച്ചു യാത്രയാക്കും.
ആറിന് കലശാട്ടത്തോടെ മഹോത്സവം കൊടിയിറങ്ങും. ഉത്സവത്തോടനുബന്ധിച്ച് അഞ്ച്, ആറ് തീയതികളില്‍ കഥകളിയും ഏഴിന് രാത്രി പത്തിന് രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല് പാവക്കൂത്തും ഉണ്ടായിരിക്കും.