വളപട്ടണം കവർച്ച: ഒരാഴ്ചകൊണ്ട് പ്രതിയെ പിടികൂടി കണ്ണൂർ സ്ക്വാഡ്
1484017
Tuesday, December 3, 2024 6:03 AM IST
കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ മോഷണമായിരുന്നു വളപട്ടണത്തെ കവർച്ച. നവംബർ 24 ന് രാത്രിയാണ് അഷറഫും കുടുംബവും മോഷണവിവരം അറിയുന്നത്. പിറ്റേദിവസം തന്നെ കണ്ണൂർ സിറ്റി എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. മോഷണവിവരം പുറത്തറിഞ്ഞ് ഒരാഴ്ച കൊണ്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.
യാതൊരു തെളിവുകളും ഇല്ലാത്ത കേസിൽ സിസിടിവി കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതലുള്ള പോലീസ് അന്വേഷണം. അഷറഫിന്റെ വീടിനും സമീപപ്രദേശങ്ങളിലുമുള്ള നൂറോളം സിസിടിവികൾ പോലീസ് പരിശോധിച്ചു. തുടക്കത്തിൽ പ്രഫഷണൽ കവർച്ചാ സംഘമാകും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതിയിരുന്നത്. കുറുവാസംഘം ഉൾപ്പെടെയുള്ള അന്തർസംസ്ഥാന മോഷ്ടാക്കളിലേക്കും സംശയം നീണ്ടു.
അതുകൊണ്ട് കോഴിക്കോട് മുതൽ മംഗളൂരുവരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവികൾ പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് മനസിലാക്കിയിരുന്നു. തുടർന്ന് 215 ഓളം ആളുകളെ ചോദ്യം ചെയ്യുകയും 76 ആളുകളുടെ വിരലടയാളങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ മോഷണക്കേസുകളിലും ക്രിമിനൽ കേസുകളിലും പോലീസ് ലിസ്റ്റിലുള്ള 67 പേരുടെ വിവരങ്ങളും ശേഖരിച്ചു. കണ്ണൂരിലെയും മറ്റു ജില്ലകളിലേയും 35 ഓളം ലോഡ്ജുകളിലും പരിശോധന നടത്തി. സമീപത്തെ പഴയ സിസിടിവികളും പരിശോധന നടത്തി. എന്നാൽ, തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരോ വീടിനെക്കുറിച്ച് അറിയുന്നവരോ ആകും കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണസംഘമെത്തുകയായിരുന്നു. പോലീസ് നായ ലിജേഷിന്റെ വീടിന്റെ സമീപത്തുകൂടെ സഞ്ചരിച്ചാണ് റെയിൽവേ ട്രാക്കിൽ പോയി നിന്നത്. ഇതിനിടയിൽ, മോഷ്ടാവ് പോകാൻ സാധ്യതയുള്ള വഴികളുടെ റൂട്ട് മാപ്പ് തയാറാക്കി ആ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
കവർച്ച നടന്ന വീട്ടിൽ ഡമ്മി പരീക്ഷണവും നടത്തി. നവംബർ 30ന് വീടിന്റെ തൊട്ടടുത്തുള്ള ആളുകളെ ചോദ്യം ചെയ്യാനും മറ്റുമായി പോലീസ് വിളിപ്പിച്ചിരുന്നു. ഇവരുടെ വിരലയാളം ഒന്നുകൂടെ എടുത്തതാണ് പോലീസിന് കച്ചിത്തുരുന്പായത്. ലിജേഷിന്റെ വിരലടയാളം കീച്ചേരി കവർച്ചയുടെ പ്രതിയുമായി സാമ്യമായതോടെയാണ് പ്രതിയിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.
എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം സിഐ ടി.പി. സുമേഷ്, ചക്കരക്കൽ സിഐ എം.പി. ആസാദ്, കണ്ണൂർ സിറ്റി സിഐ സനിൽകുമാർ, മയ്യിൽ സിഐ പി.സി. സഞ്ജയകുമാർ, വളപട്ടണം എസ്ഐമാരായ ടി.എം. വിപിൻ, പി. ഉണ്ണിക്കൃഷ്ണൻ, പി.കെ. സുരേഷ്ബാബു, കണ്ണപുരം എസ്ഐ കെ. രാജീവൻ, ചക്കരക്കൽ എസ്സിപിഒ എം.സ്നേഹേഷ്, കണ്ണൂർ ട്രാഫിക് എസ്സിപിഒ സി. സജിത്ത്, വളപട്ടണം എസ്ഐ എം. അജയൻ, കണ്ണൂർ സിറ്റി എഎസ്ഐ രഞ്ജിത്ത്, കണ്ണൂർ ടൗൺ സിപിഒ സി.നാസർ,ഡിഎച്ച്ഒ കണ്ണൂർ സിറ്റി എസ്ഐ പി.കെ. ഷാജി, വളപട്ടണം എഎസ്ഐ ഷാജി, വളപട്ടണം സിപിഒമാരായ കിരൺ, എൻ. അമൃത, കെ. മഹിത എന്നിവരടങ്ങിയ 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.