തിരുമേനി-മുതുവം-പരുത്തിക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണം: യുഡിഎഫ്
1484013
Tuesday, December 3, 2024 6:03 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട തിരുമേനി- മുതുവം-പരുത്തിക്കല്ല് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് യുഡിഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരുത്തിക്കല്ല് റോഡ് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ എല്ലാം കാൽനടയാത്രികർക്ക് പോലും ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ തകർന്നിട്ടും റോഡുകളുടെ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമായിരുന്ന ഒരു കോടി രൂപ കഴിഞ്ഞ സാമ്പത്തികവർഷം സ്പിൽ ഓവർ ആക്കിയെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡിലെ കുഴിയിൽ വാഴകൾ നട്ട് പ്രതിഷേധിച്ചു. റോഡ് ഗതാഗതയോഗ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ പഞ്ചായത്ത് ഭരണകൂടം തയാറാകണമെന്നും അല്ലാത്ത പക്ഷം സമരരംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരായി തീരുമെന്നും യുഡിഎഫ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യുഡിഎഫ് ചെയർമാൻ ആലയിൽ ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് ജോസഫ് മുള്ളൻമട, ടി.പി. ശ്രീനിഷ്, തോമസ് നാഗനോലിൽ, ജോർജ് ചെമ്പരത്തി, സിനോ ആടിമാക്കൽ, സജി ഓലേടത്ത് എന്നിവരും യുഡിഎഫ് സംഘത്തിലുണ്ടായിരുന്നു.