തെങ്ങിനും കമുകിനും മഞ്ഞളിപ്പ്: കർഷകർ കണ്ണീർകടലിൽ
1484012
Tuesday, December 3, 2024 6:03 AM IST
പെരുമ്പടവ്: മലയോര മേഖലയിൽ മഞ്ഞളിപ്പ് രോഗം പടർന്നു പിടിക്കുന്നു. ചപ്പാരപ്പടവ്, എരമം കുറ്റൂർ, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ നാളികേര കമുക് കർഷകരാണ് ഇതുമൂലം ദുരിതത്തിൽ ആകുന്നത്. നിരവധി തെങ്ങുകളും കമുകുകളും രോഗബാധയെ തുടർന്ന് ഉണങ്ങി നശിച്ചു. കാലാവസ്ഥ വ്യതിയാനം മഞ്ഞളിപ്പിനും കൂമ്പ് ചീയലിനും പുറമേ ഇലകരിച്ചിൽ, ഫംഗസ് രോഗങ്ങൾ എന്നിവയും കൃഷിയിടങ്ങളിൽ വ്യാപകമായിട്ടുണ്ട്.
തെങ്ങിനെയും കവുങ്ങിലേയും ഓലകളും വിളകളും ഉണങ്ങിക്കരിയുന്ന വിധത്തിലാണ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഓല കരിച്ചിലിന് പിന്നാലെ മരങ്ങളും ഉണങ്ങി നശിക്കുകയാണ്.
രോഗബാധ തടയാൻ കുമ്മായം മഗ്നീഷ്യം തുടങ്ങിയവ കൃഷിയിടത്തിൽ പ്രയോഗിക്കുകയും കൃഷിവകുപ്പ് നിർദേശപ്രകാരം മരുന്ന് തളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രോഗബാധ നിയന്ത്രണവിധേയമാകുന്നില്ല. വന്യമൃഗ ശല്യം തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നതിനിടയാണ് കർഷകരെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളി വിടുന്ന വിധത്തിൽ മഞ്ഞളിപ്പ് കൂമ്പ് ചീയൽ രോഗങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗബാധ പടരുന്നത് തടയാൻ കൃഷിവകുപ്പ് നേതൃത്വത്തിൽ ശാസ്ത്രീയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ശക്തമാണ്.