പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു തുറക്കും
1484010
Tuesday, December 3, 2024 6:03 AM IST
മട്ടന്നൂർ: ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. അധികവെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഷട്ടറുകൾ തുറക്കുക. റിസർവോയറിൽ അധിക ജലം ഒഴുകിയെത്തുന്നതിനാൽ ഇന്നു രാവിലെ എട്ടു മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിവിടുന്നത്.
ഷട്ടറുകൾ തുറക്കുന്നതിനാൽ ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികൾക്കായി വെള്ളം സംഭരിക്കുന്നതിനായി കഴിഞ്ഞ മാസമാണ് അണക്കെട്ടിന്റെ 16 ഷട്ടറുകളും അടച്ചത്. ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഇന്നലെ വൈകുന്നേരം ആറു വരെ 26.30 സ്കൈയിൽ മീറ്ററിൽ വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് ഉയർന്നതിനാൽ കഴിഞ്ഞദിവസം നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തി വെള്ളം ഒഴുക്കിവിട്ടിരുന്നു. ഇന്നലെ 30 സെന്റിമീറ്റർ ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ടിട്ടുണ്ട്. മലയോരത്ത് അടക്കം കനത്ത മഴ പെയ്താൽ പഴശി ഡാമിൽ ജലനിരപ്പ് ഉയരാൻ സാധ്യത കണക്കിലെടുത്താനാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. ഫോൺ : 0497 2700487.