പൂക്കുണ്ടിലെ ആദിവാസി കുടുംബങ്ങൾക്ക് വെള്ളത്തിന് ഇപ്പോഴും പുഴ തന്നെ ആശ്രയം
1484009
Tuesday, December 3, 2024 6:03 AM IST
കേളകം: വേനൽ ആരംഭിക്കുന്നതിനു മുന്പേ തന്നെ കുടിവെള്ളത്തിനായി പുഴയെ ആശ്രയിക്കേണ്ട ഗതികേടിൽ ചെട്ടിയാംപറന്പ് പൂക്കുണ്ട് സങ്കേതത്തിലെ ആദിവാസി കുടുംബങ്ങൾ.
മഴ ശരിക്ക് മാറിയില്ലെങ്കിലും പുഴയിൽ നിന്നും കുടിവെള്ളം തലച്ചുമടായാണ് ഇവർ എത്തിക്കുന്നത്. കുടിവെള്ളത്തിനായി പുഴക്കരയിൽ ചെറിയ കുഴികുത്തി ഈ കുഴിയിൽ നിന്നുമാണ് ഇവർ ആഹാരം പാകംചെയ്യാനും കുടിക്കാനുമുള്ള വെള്ളം ശേഖരിക്കുന്നത്. ഇവിടുത്തുകാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്താത്താണ് ഇവിടുത്തുകാർ നേരിടുന്ന പ്രധാന പ്രശ്നം.
വേനൽ ആരംഭിക്കുന്നതുവരെ സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നും പൈപ്പിട്ട് ഇവർ വെള്ളം ശേഖരിക്കും. എന്നാൽ വേനൽ ആരംഭിക്കുന്നതോടെ ഇത് വറ്റിപ്പോകുന്നതിനാൽ പുഴ മാത്രമാണ് പിന്നീട് ആശ്രയം. പാറത്തോട് കുടിവെള്ള പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം പൈപ്പിൽ എത്തുന്നുണ്ടെങ്കിലും ഇതിൽ ക്ലോറിൻ കലർന്നതിനാൽ ഇവർ ഇത് ഉപയോഗിക്കാറില്ല. തങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.