പഴയ പാലം പൊളിച്ചുതുടങ്ങി
1484007
Tuesday, December 3, 2024 6:03 AM IST
ഇരിട്ടി: മലയോര ഹൈവേയിലെ കൊണ്ടൂർ പുഴയ്ക്കു കുറുകെ പുതിയ പാലം പണിയുന്നതിനു മുന്നോടിയായി ആനപ്പന്തി പാലം പൊളിച്ചു തുടങ്ങി. കെ.പി.നൂറുദ്ദീൻ എംഎൽഎ ആയിരുന്നപ്പോൾ 1982 ൽ മരാമത്ത് പദ്ധതി പ്രകാരം നിർമിച്ച ബോക്സ് പാലമാണ് 42 വർഷങ്ങൾക്ക് ശേഷം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നത്. എടൂർ തറപ്പേൽ കടവിൽ വെമ്പുഴയ്ക്കു കുറുകെയും, ആനപ്പന്തി കൊണ്ടൂർ പുഴയ്ക്കും മുടയരിഞ്ഞി കോറയിൽ ചരൾ പുഴയ്ക്ക കുറുകെയും ആയി മൂന്ന് പാലങ്ങളാണു അന്നു ഒരുമിച്ചു നിർമിച്ചത്.
മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാലം വീതി കൂട്ടി പുനർനിർമിക്കുന്നത്. പാലം പൊളിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗത തടസം ഒഴിവാക്കാൻ സമീപത്തുതന്നെ സമാന്തര റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്.
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ച് 25.3 കിലോമീറ്റർ റോഡ് 83.17 കോടി രൂപ ചെലവിൽ വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി വെമ്പുഴ, ആനപ്പന്തി, ചേംതോട് എന്നിങ്ങനെ മൂന്ന് പാലങ്ങളാണു പുനർനിർമിക്കുന്നത്. 12.5 മീറ്ററാണു പാലങ്ങളുടെ വീതി. 9 മീറ്റർ ടാറിംഗ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും ഉൾപ്പെടും. വെമ്പുഴ പാലത്തിന് 16 മീറ്ററും ആനപ്പന്തി പാലത്തിന് 20 മീറ്ററും ചേംതോട് പാലത്തിന് 13.5 മീറ്ററും ആണു വീതി. ജനുവരിയിൽ എടൂർ വെമ്പുഴ പാലവും പിന്നീട് ചേംതോട് പാലവും പൊളിച്ചു പണി തുടങ്ങിയെങ്കിലും പ്രവൃത്തി നീണ്ടു. വെമ്പുഴ പാലം ഈ മാസം അവസാനത്തോടെയും ചേംതോട് പാലം ജനുവരി അവസാനത്തോടെയും ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നാണ് കെആർഎഫ്ബി അധികൃതർ പറയുന്നത്.