ഡിജിറ്റൽ റീ സർവേയുടെ വിശ്വാസ്യത സംശയത്തിൽ
1483834
Monday, December 2, 2024 6:14 AM IST
കേളകം: വിചിത്ര ഡിജിറ്റൽ സർവേ നടക്കുന്ന കേളകം പഞ്ചായത്തിലെ പൂക്കുണ്ടിൽ സണ്ണി ജോസഫ് എംഎൽഎ കർഷകരെ സന്ദർശിച്ചു. എംഎൽഎയ്ക്കൊപ്പം കെപിസിസി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ലിസി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ബിജു ചാക്കോ പൊരുമത്ര, ജോണി പാമ്പാടിയിൽ, സുനിത രാജു, ജില്ല, ബോക്ക് കോൺഗ്രസ് ഭാരവാഹികളായ വർഗീസ് ജോസഫ്, വിൽസൺ കൊച്ചുപുരയ്ക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി പൊങ്ങമ്പാറ തുടങ്ങിയവരും ഉണ്ടായിരുന്നു.
രണ്ടാം വാർഡിലെ ഏതാനും കർഷകരുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലുമാണ് സർവേ നടത്തിയത്. ഏതാനും കൃഷിയിടങ്ങളിൽ അളവ് നടത്തിയതോടെ ഏക്കറുകണക്കിന് സ്ഥലമാണ് പുഴയുടെ പുറമ്പോക്കായി വേർതിരിച്ചത്. ഇതിനെ തുടർന്ന് കർഷകർ പ്രതിഷേധമുയർത്തിയതോടെ സർവേ സംഘം മടങ്ങിപ്പോയി. മാധ്യമങ്ങളിൽ വാർത്ത പരന്നതോടെ പഞ്ചായത്ത് ഭരണസമിതിയും കളക്ടറും ഇടപെടുകയും താത്കാലികമായി സർവേ നിർത്തിവയ്ക്കുകയും ചെയ്തു. ഏഴിന് സബ് കളക്ടർ സ്ഥലപരിശോധന നടത്തും. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് റീ സർവേ തുടരാം എന്ന് അറിയിക്കുകയും ചെയ്തു.
60 വർഷത്തിലധികമായി കൈവശവച്ച് നികുതി അടച്ചു വരുന്നതും പട്ടയം ഉള്ളതുമായ ഭൂമി വരെ പുറമ്പോക്കാണാന്നാണ് സർവേ ടീം പറയുന്നത്. ഡിജിറ്റൽ സർവേയാണ് എന്ന് പറയുന്നുണ്ടെങ്കിലും യന്ത്രം എവിടെയെങ്കിലും വച്ചിട്ട് വെറുതെ കൈകൊണ്ട് ആംഗ്യങ്ങൾ കാണിച്ച് "അതിര് ഇവിടാണ്' എന്ന് പറഞ്ഞു പോകുന്ന കലാപരിപാടിയാണ് അരങ്ങേറുന്നതെന്ന് കർഷകർ പറയുന്നു.
ചീങ്കണ്ണി പുഴയും ആന മതിലും കൈവശപ്പെടുത്തുന്നതിനും 100 മീറ്റർ ബഫർസോൺ അടിച്ചേല്പിക്കുന്നതിനും ഉദേശിച്ച് ആറളം വില്ലേജിലെ ഡിജിറ്റൽ സർവേയുടെ ഭാഗമെന്ന് പറഞ്ഞ് ജനുവരി 20 മുതൽ വളയംചാൽ മുതൽ ഒരു രഹസ്യ സർവേ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടി ചേർന്ന് നടത്തിയിരുന്നു. ഇതു വിവാദമായപ്പോൾ ഉത്തരവാദിത്വം പഞ്ചായത്ത് ഭരണപക്ഷം ഏറ്റെടുത്തു.
ആകുലരായ കർഷകരോട്, ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് കേളകം പഞ്ചായത്ത് ഉറപ്പ് നൽകിയിരുന്നു. പക്ഷെ ഏതാനും കർഷകരുടെ ഭൂമി അളന്നപ്പോൾ തന്നെ 10 സെന്റ് മുതൽ 65 സെന്റ് വരെ കൃഷിഭൂമി പുറമ്പോക്കാണന്നാണ് കാണിച്ച് അതിർത്തി നിർണയിക്കുകയായിരുന്നു.
മാത്രമല്ല, ചീങ്കണ്ണിയുടെ പേര്മാറി ഇപ്പോൾ ആറളം പുഴയായി മാറി. ഒരു പ്രശ്നവുമില്ല എല്ലാം ശരിയാകും എന്ന പ്രസ്താവനയുമായി പഞ്ചായത്ത് ഉറച്ചു നിൽക്കുന്നുണ്ട്. പക്ഷെ ഭൂമി രേഖപ്രകാരം തിരികെ വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സണ്ണി ജോസഫ് എംഎൽഎ ഇന്നലെ പ്രദേശത്തെ കർഷകരെ നേരിൽ കണ്ടത്. രേഖ പ്രകാരം കൈവശ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയാണ് ഡിജിറ്റൽ സർവേയുടെ ഉദ്ദേശമെന്നും 50 വർഷത്തിലധികമായി കൈവശമുള്ള ഭൂമി പുറമ്പോക്കാക്കാൻ സാധിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഡിജിറ്റൽ സർവേയുടെ പേരിൽ കർഷകർക്ക് ദ്രോഹമാണ് ഉണ്ടാകുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ബുധനാഴ്ച റവന്യു, വനം മന്ത്രിമാരെ കാണുമെന്നും വസ്തുതകൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും എംഎൽഎ അറിയിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റും കളക്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന് വേണ്ടി കൃത്രിമം കാണിച്ചു നടത്തുന്ന ഡിജിറ്റൽ സർവേയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണിപ്പോൾ.
ചീങ്കണ്ണി പുഴയുടെ പേര് മാറ്റി ആറളം പുഴ എന്നാക്കിയതിലും പുഴയുടെ അതിർത്തി മാറ്റി കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തിച്ചത് വനം വകുപ്പിന്റെ ഗൂഢ നീക്കത്തിന്റെ ഫലമാണന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കർഷകർ അന്നേ ആശങ്ക ഉന്നയിച്ചപ്പോൾ ഇത് പുഴയുടെ അതിർത്തി നിർണയിക്കുക മാത്രമാണ് ഇത് ജനവാസ മേഖലയിലേക്ക് കടക്കുന്നില്ല എന്നും അറിയിച്ചു. ആന പ്രതിരോധ മതിൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുഴയുടെ പുറമ്പോക്കിൽപ്പെടുത്തി ഇത് വനത്തോട് ചേർത്ത് ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി വർധിപ്പിക്കുകയെന്ന ഗൂഢ ലക്ഷ്യവും കാലക്രമേണ വനം ജനവാസ മേഖലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പഞ്ചായത്ത് അധികൃതർ കൂട്ടുനിൽക്കുകയായിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജനങ്ങളെ അണിനിരത്തി പ്രത്യക്ഷ പ്രക്ഷോപരിപാടികൾ സംഘടിപ്പിക്കും.
-ലിസി ജോസഫ്.
ജില്ലാ പഞ്ചായത്തംഗം
കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും ഞങ്ങളുടെ കൃഷിയിടത്തിൽ എത്തിയിരുന്നു. ചോദിച്ചപ്പോൾ ചീങ്കണ്ണി പുഴയുടെ അതിർത്തി കണ്ടെത്താനാണന്ന് പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ നിന്ന് ഇത്തരത്തിൽ ഒരു അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നും ഡിജിറ്റൽ സർവേയുടെ ഭാഗമായുള്ള യാതൊരു യോഗവും പ്രദേശത്ത് ചേർന്നില്ലെന്നും പറഞ്ഞപ്പോൾ. ഇത് യാതൊരു വക സർവേയുമല്ലെന്നും പുഴ അളക്കുക മാത്രമാണ് ചെയ്യുന്നതെന്നും, ഇത് നിങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നും ഞങ്ങൾക്ക് മുകളിൽ നിന്ന് ഉത്തരവുണ്ട് എന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തി പോകുകയായിരുന്നു. കൃഷിയിടത്തിൽ യാതൊരുവിധ മാർക്ക് ചെയ്യുകയോ കുറ്റി വയ്ക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴാണ് അന്ന് നടത്തിയത് തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്നത്, 60 വർഷങ്ങൾക്കു മുമ്പ് ഇവിടെ ജീവിക്കാൻ തുടങ്ങിയതാണ്. പട്ടയം ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ട്. തങ്ങളുടെ കൃഷിയിടം പുറമ്പോകാകുന്ന കാഴ്ച നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് കാണേണ്ടിവരുന്നത്.
-മേഴ്സി പാലത്തുങ്കൽ
സ്ഥലം ഉടമ.