വിമലശേരി-എരുവാട്ടി-തേർത്തല്ലി റോഡ് : പുനർനിർമാണം നീളുന്നതിൽ പ്രതിഷേധം
1483828
Monday, December 2, 2024 6:14 AM IST
പെരുമ്പടവ്: ചപ്പാരപ്പടവ്-വിമലശേരി-എരുവാട്ടി-തേർത്തല്ലി റോഡിലെ ചപ്പാരപ്പടവ് മുതൽ വിമലശേരി വരെയുള്ള ഭാഗം ഒന്നാംഘട്ടത്തിൽ വർഷങ്ങൾക്കു മുന്പ് മെക്കാഡം ടാറിംഗ് നടത്തിയിരുന്നു.
എന്നാൽ, ബാക്കി ഭാഗം നവീകരണത്തിന് ഏറെ തടസം ഉന്നയിച്ച് പണി ഉഴപ്പിയപ്പോൾ ജനങ്ങൾ ഒന്നാകെ പ്രതികരിച്ചപ്പോഴാണ് രണ്ടാംഘട്ടം എന്ന നിലയിൽ വിമലശേരി മുതൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ബാക്കി റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തി തുടങ്ങി രണ്ടുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ പണിപൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രദേശങ്ങളിലെ ജനതക്ക് ഇനി ഒരു പരീക്ഷണത്തിന് സമയമില്ല എന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി പ്രദേശത്ത് ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയും നടക്കുന്നുണ്ട്. ഇതിനായി പൈപ്പുകൾ ഇറക്കി ഇട്ടിട്ടുമുണ്ട്. റോഡ് ടാറിംഗ് പ്രവൃത്തി നടത്തുന്നതിനു മുമ്പേ പൈപ്പ് മണ്ണിനടിയിൽ കുഴിച്ചിട്ടാൽ റോഡ് വികസനത്തിന് തടസമാകാതിരുന്നേനെ.
അതിനുവേണ്ടിയാണ് റോഡ് നവീകരണ പ്രവൃത്തി വൈകിപ്പിക്കുന്നതെന്നും പറയുന്നു. ജൽജീവൻ മിഷൻ അധികൃതരുമായി പലതവണ ബന്ധപ്പെട്ടിട്ടും അവർ പ്രവൃത്തി പൂർത്തീകരിക്കാൻ തയാറാകുന്നില്ലനെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി പറയുന്നത്.
അഞ്ചു മാസമായി നിരന്തരം വിളിച്ചിട്ടും ഫോൺ പോലും എടുക്കാൻ മനസ് കാണിക്കാത്ത ജൽജീവൻ അധികാരികളുടെയും കോൺട്രാക്ടറെയും കണക്കിലെടുത്ത് റോഡ് പണി അനിശ്ചിതമായി നീട്ടി വക്കാനുള്ള നടപടി അംഗീകരിക്കുവാൻ സാധ്യമല്ലെന്നും ഉനൈസ് എരുവാട്ടി പറഞ്ഞു.
ജൽജീവൻ പദ്ധതിയുടെ പൈപ്പിടലിന്റെ പേരു പറഞ്ഞ് റോഡ് നവീകരണ പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ട് പോകുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നു. കൽനട യാത്രക്കാർക്കു പോലും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. അടിയന്തിരമായി റോഡ് പ്രവർത്തി പൂർത്തീകരിക്കാൻ നടപടി ഉണ്ടാകണം.