റബറിന്റെ ഇലകൊഴിച്ചിൽ: കർഷകർക്ക് തിരിച്ചടിയാകുന്നു
1483827
Monday, December 2, 2024 6:14 AM IST
പെരുമ്പടവ്: അമിതമായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും റബർ മേഖലയുടെ നട്ടെല്ലൊടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മരങ്ങളുടെ ഇലകൾ വ്യാപകമായി കൊഴിയുന്നത് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
രോഗം ബാധിച്ച തോട്ടങ്ങളിൽ നല്ലവളർച്ചയുള്ള ഇലകൾ ഉൾപ്പെടെ ഞെട്ടോടെ കൊഴിഞ്ഞു വീഴുകയാണ്. ഇതോടെ മരങ്ങളുടെ പാലുത്പാദനം മൂന്നിലൊന്നായി കുറഞ്ഞെന്ന് കർഷകർ പറയുന്നു. കൊഴിഞ്ഞ ഇലകൾക്കുപകരം പുതിയ തളിരുകൾവന്ന് ഇലകൾ മൂപ്പെത്തിയാലേ ഇനി ഉത്പാദനം വർധിക്കുകയുള്ളൂ. ഒന്നര മാസത്തിലേറെ ഇതുമൂലം ഉത്പാദന നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
അപ്രതീക്ഷിതമായ ഇലകൊഴിച്ചിൽ രോഗവും അമിതമായ മഴയുംമൂലം ടാപ്പിംഗ് ദിനങ്ങൾ നഷ്ടപ്പെട്ടതും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. പ്രതിദിനം 30 ഷീറ്റുകൾവരെ ദിവസവും ലഭിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ പരമാവധി പത്തു ഷീറ്റുകൾ വരെ മാത്രമാണ് ലഭിക്കുന്നത്. ലഭ്യത കുറവു മൂലം ടയർ കന്പനികൾക്ക് ആവശ്യത്തിന് റബർ കിട്ടാത്തതാണ് ഇപ്പോൾ വില കൂടുന്നതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇത്തവണ ഇലകൊഴിച്ചൽ നേരത്തെ
റബർമരങ്ങളിലെ സ്വാഭാവിക ഇലകൊഴിച്ചിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഉണ്ടാകാറ്. ഈ സമയത്ത് തണുപ്പ് കൂടുതലുള്ളതിനാലാണ് സ്വാഭാവിക ഇലകൊഴിച്ചിൽ. ഇത് ഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ലെന്ന് കർഷകർ പറയുന്നു. ഇപ്പോഴുള്ളത് കാലാവസ്ഥാ മാറ്റം മൂലമാണെന്നും കാലാവസ്ഥ മാറുന്നതോടെ രോഗവ്യാപനം കുറയുമെന്നുമാണ് റബർബോർഡ് ഫീൽഡ് ഓഫീസർമാർ പറയുന്നത്.
ആർദ്രത രോഗവ്യാപനത്തിനിടയാക്കുന്നു
റബർ തോട്ടങ്ങളിലെ ആർദ്രത രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. "ഫൈറ്റോഫ് തോറ'എന്ന കുമിളാണ് ഇലകൊഴിയൽ രോഗത്തിനുകാരണം. കോപ്പർ ഓക്സി ക്ലോറൈഡ് എന്ന പൊടിരൂപത്തിലുള്ള കുമിൾനാശിനി എണ്ണയിൽ ചേർത്ത് കാലവർഷാരംഭത്തിൽ ഇലകളിൽ വീഴത്തക്കവിധം പ്രത്യേകതരം ശക്തിയേറിയ സ്പ്രേയർ ഉപയോഗിച്ച് തളിക്കാനാണ് കുമിൾ രോഗത്തിന് പ്രതിവിധിയെന്നാണ് റബർ ബോർഡ് നിർദേശിക്കുന്നത്.
നേരത്തെ സബ്സിഡി നിരക്കിൽ ഈ കുമിൾനാശിനി വിതരണം ചെയ്തിരുന്നുവെങ്കിലും പിന്നീട് നിർത്തി. ഇതോടെ മിക്ക കർഷകരും മഴയക്ക് മുന്പ് നടത്തി വന്നിരുന്ന രോഗപ്രതിരോധ നടപടികളും നിർത്തുകയായിരുന്നു.