വിളക്കന്നൂർ ലാറ്റക്സ് ഫാക്ടറി കാടുകയറി നാശത്തിലേക്ക്
1483826
Monday, December 2, 2024 6:14 AM IST
ഒടുവള്ളി: മൂന്നു പതിറ്റാണ്ട് മുന്പ് ഏറെ പ്രതീക്ഷയോടെ പ്രവർത്തനമാരംഭിച്ച വിളക്കന്നൂർ ലാറ്റക്സ് ഫാക്ടറി കാട് കയറി നശിക്കുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ യന്ത്രോപകരണങ്ങളും വാഹനങ്ങളും തുരുമ്പുപിടിച്ച് നശിക്കുകയാണ്. ഫാക്ടറിയിൽനിന്ന് ഉപകരണങ്ങളും യന്ത്രങ്ങളും പലരും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കാടു പിടിച്ചിരിക്കുന്ന ഫാക്ടറിയും പരിസരവും ഇന്ന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ദിവസവും നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് പോയതോടുകൂടി രണ്ടു പതിറ്റാണ്ട് മുമ്പാണ് ഫാക്ടറി പ്രവർത്തനം നിലച്ചത്. പലതവണ ലേല നടപടികൾ സ്വീകരിച്ചെങ്കിലും ഒന്നും നടന്നില്ല.
ആസ്തിയുണ്ട്,
പക്ഷേ വില കിട്ടുന്നില്ല
ആറു പതിറ്റാണ്ട് മുമ്പ് രൂപീകരിച്ച കണ്ണൂർ ജില്ല സഹകരണ റബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിലാണ് ലാറ്റക്സ് ഫാക്ടറി. സൊസൈറ്റിക്ക് തളിപ്പറമ്പ് മന്നയിലും ചിറവക്കലും കെട്ടിടങ്ങളും സ്ഥലവുമുണ്ട്. വിളക്കന്നൂരിൽ ആറേകാൽ ഏക്കർ സ്ഥലവും പത്തിലധികം കെട്ടിടങ്ങളുമാണുള്ളത്. മന്നയിൽ ആസ്ഥാന കെട്ടിടവും 33 സെന്റ സ്ഥലവും ചിറവക്കലിൽ പത്തുമുറി കെട്ടിടവും സ്ഥലവുമുണ്ടെങ്കിലും വരുമാനമൊന്നുമില്ലാത്ത അവസ്ഥയാണ്. കടമുറികൾ വാടകയ്ക്ക് കൊടുത്തവരുമായുള്ള കേസിനെത്തുടർന്ന് ഒൻപതു മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു മുറി ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. എല്ലാംകൂടി 30 കോടി രൂപയോടടുത്തുള്ള ആസ്തിയാണ് സൊസൈറ്റിക്കുള്ളത്.വിളക്കന്നൂരിലെ ഫാക്ടറിക്കും സ്ഥലത്തിനുമായി 5.9 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചത്.
കടമെടുത്തു തിരിച്ചടച്ചില്ല
2003ന് മുന്പുണ്ടായ ഭരണസമിതി ജില്ലാ ബാങ്കിൽനിന്ന് രണ്ടരക്കോടി രൂപ കടമെടുത്തതാണ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. ഇതു പലിശയും മുതലുമായി ഏഴരക്കോടിയോളമായി മാറിയിട്ടുണ്ട്. കൂടാതെ സർക്കാരിൽ നിന്നെടുത്ത ഒന്നരക്കോടി രൂപയുടെ കടവും തിരിച്ചടയ്ക്കാനുണ്ട്. 2020ൽ കോടതി ഇടപെട്ട് ജപ്തി നടപടികൾ കൈക്കൊണ്ടെങ്കിലും ഫലമുണ്ടായില്ല.
ശന്പളവും
ആനുകൂല്യവുമില്ലാതെ
ജീവനക്കാർ
തുടക്കത്തിൽ 35 ജീവനക്കാരുണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോഴുള്ളത് രണ്ടു പേർ മാത്രമാണ്. ഇവർക്കാകട്ടെ 17 വർഷമായി ശന്പളമോ ആനുകൂല്യങ്ങളോ ഒന്നും തന്നെ നൽകിയിട്ടില്ല. ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ 25 പേരാണ് ഇതിനകം വിരമിച്ചത്. 3465 അംഗങ്ങളുള്ള സൊസൈറ്റിയിൽ 2003 മുതൽ 2008 വരെ ഇടതുപക്ഷ ഭരണസമിതി ഉണ്ടായിരുന്നെങ്കിലും ഇവർക്കും ലാറ്റക്സ് ഫാക്ടറി ഉൾപ്പെടെയുള്ളവയെ ലാഭകരമാക്കാൻ സാധിച്ചില്ല.
ഏറ്റെടുക്കൽ ശ്രമവും പാളി
നടുവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം കമ്പനി രൂപീകരിച്ച് വിളക്കന്നൂരിലെ ഫാക്ടറി ഉൾപ്പെടുന്ന സ്ഥലം വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാൽ സർക്കാർ നിശ്ചിച്ച വിലയിവും കുറഞ്ഞ വിലയാണ് ഇവർ മുന്നോട്ടു വച്ചത്. ഇതോടു കൂടി പദ്ധതി പൊളിഞ്ഞു.
വിലയിൽ നീക്കുപോക്ക് നടത്തി സംഘം ഈ സ്ഥലം വാങ്ങിയാൽ ഭാവിയിൽ ഗുണകരമാകുമെന്ന് വിലയിരുത്തലുണ്ടെങ്കിലും സർക്കാർ നിശ്ചയിച്ച വിലയിലും കുറഞ്ഞ വിലയ്ക്ക് കൈമാറ്റം നടക്കില്ലെന്നതാണ് പ്രതിസന്ധിയായത്. നടുവിൽ സർവീസ് സഹകരണ ബാങ്കിനെ കൊണ്ടും ഏറ്റെടുപ്പിക്കാൻ ശ്രമം അധികൃതർ നടത്തിയെങ്കിലും അതും നടന്നില്ല.
കൊപ്ര യൂണിറ്റും പൂട്ടി
സൊസൈറ്റിയുടെ കീഴൽ തുടങ്ങിയ തേങ്ങ ഉണക്കൽ യൂണിറ്റും പൂട്ടിക്കിടക്കുകയാണ്. ദിവസം പതിനയ്യായിരം തേങ്ങ വരെ ഉണക്കിയെടുക്കാനുള്ള സംവിധാനമുണ്ട്. സർക്കാർ തേങ്ങാസംഭരണം നിർത്തിയതാണ് യൂണിറ്റിനെ നഷ്ടത്തിലാക്കിയത്. ചില സ്വകാര്യസ്ഥാപനങ്ങളും വാടകയ്ക്ക് നടത്തിപ്പിനെടുത്ത് നോക്കിയെങ്കിലും വിജയിച്ചില്ല.
സർക്കാർ സഹായം അനിവാര്യം
സർക്കാരും കേരള ബാങ്കും സഹായിച്ചാൽ സൊസൈറ്റിയുടെ ബാധ്യതകൾ ഒഴിവാക്കാൻ കഴിയുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ടുള്ളവരും കർഷകരും പറയുന്നു. വായ്പ സർക്കാർ ഓഹരിയായി പരിഗണിക്കലാണ് ഒരു മാർഗം. ജില്ലാ ബാങ്കിന് കുടിശികയുള്ള തുക പലിശ ഒഴിവാക്കി മുതൽ മാത്രം അടച്ചാൽ മതിയെന്ന് നയപരമായ തീരുമാനവും എടുക്കണം. ഇതര സഹകരണ സ്ഥാപനങ്ങൾ തന്നെ സൊസൈറ്റിയുടെ ആസ്തികൾ വാങ്ങാൻ തയാറായി വരുന്ന സ്ഥിതിക്ക് ഇത് നടപ്പാക്കിയാൽ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.