വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമത്: മന്ത്രി പി. രാജീവ്
1483824
Monday, December 2, 2024 6:14 AM IST
്കണ്ണൂർ: വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് . റെയ്ഡ്കോ ഫുഡ്സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ മാവിലായി കറിപൗഡർ ഫാക്ടറി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് 139 രാജ്യങ്ങളിൽ മലയാളികളുണ്ടെന്നും അവരുടെ രുചികളിൽ കേരളത്തിന്റെ ഉത്പന്നങ്ങൾ എത്തണമെന്നും മന്ത്രി പറഞ്ഞു. കേരളംതന്നെ ലോകമെങ്ങും അംഗീകരിക്കുന്ന ഒരു ബ്രാൻഡ് ആണ്. റെയ്ഡ്കോ ഉത്പന്നങ്ങൾക്ക് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം കെഷോപ്പി ഉപയോഗിക്കാനാകും.
കേരളാ ബ്രാൻഡിൽ ഗുണമേന്മയും വിശ്വസ്തതയുമുള്ള കറിപൗഡറുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ റെയ്ഡ്കോയ്ക്ക് മാനദണ്ഡമനുസരിച്ചുള്ള അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു വർഷം ഒരുലക്ഷം സംരംഭകർ എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ, രണ്ടര വർഷം കഴിയുമ്പോൾ മൂന്നേകാൽ ലക്ഷം സംരംഭങ്ങൾ തുടങ്ങാനായി. ഇതിൽ 1.80 ലക്ഷം സംരംഭകർ സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയും വിശ്വസ്തതയുമുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ വില പ്രശ്നമല്ല. ഓൺലൈൻ വിപണന സൗകര്യങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷയായിരുന്നു. പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ, ജില്ലാ പഞ്ചായത്തംഗം പി. ശ്രീധരൻ, റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. പുഷ്പജ, ഡയറക്ടർമാരായ കെ.കെ. ഗംഗാധരൻ, വാസു തോട്ടത്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, മുൻ എംഎൽഎ കെ.കെ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.