എടൂരമ്മയുടെ മണ്ണിന് അഭിമാനനിമിഷം; തിരുപ്പിറവിയുടെ സ്നേഹസമ്മാനം
1483822
Monday, December 2, 2024 6:14 AM IST
ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയ പദവി
തലശേരി: അതിരൂപതയിലെ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്തപ്പെടുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം ഉൾപ്പെടുന്ന പ്രദേശം തലശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖമായ കുടിയേറ്റ മേഖലയാണ്.
1939 - 40 കാലഘട്ടത്തിലാണ് എടൂർ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. 1942 ൽ ഫാ. ജോസഫ് കൂത്തൂർ പേരാവൂരിൽ നിന്നു നടന്നുവന്നാണു എടൂരിന്റെ മണ്ണിൽ ആദ്യമായി കുർബാന അർപ്പിച്ചു.
തുടർന്നു ഫാ. കുര്യാക്കോസ് കുടക്കച്ചിറയും എടൂരിൽ എത്തി കുർബാന അർപ്പിച്ചു. 1946 ൽ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും 1947 ജൂൺ 24-ാം തീയതി മുതൽ സ്ഥിരം വികാരിയായി ഫാ. സി.ജെ. വർക്കിയെ നിയമിക്കുകയും ചെയ്തു. 1949 ൽ ഫാ. ജോസഫ് കട്ടക്കയം വികാരിയായി നിയമിതനായി.
1953 ഡിസംബർ 31-ാം തീയതി തലശേരി രൂപത സ്ഥാപിതമായപ്പോൾ എടൂർ ഇടവക തലശേരി രൂപതയിലായി. 1954 ജൂലൈയിൽ ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ വികാരിയായി. തുടർന്നു ഫാ. ഫെഡറിക് സിഎംഐ, ഫാ. അബ്രാഹം മൂങ്ങാമാക്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവരും വികാരിമാരായി. ഫാ. ജോസഫ് കൊല്ലംപറമ്പിലിന്റെ ശ്രമഫലമായി 1970 ൽ ഇന്നു കാണുന്ന പളളി നിർമിച്ചത്.
തുടർന്നു ഫാ. പീറ്റർ കുട്ടിയാനി, ഫാ. ജോൺ കടുകമ്മാക്കൽ, ഫാ. സഖറിയാസ് കട്ടയ്ക്കൽ, ഫാ. വർക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോർജ് കൊല്ലക്കൊമ്പിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവൽ പൂവത്തിങ്കൽ, ഫാ. ആൻഡ്രൂസ് തെക്കേൽ, ഫാ. ആന്റണി മുതുകുന്നേൽ എന്നിവർ വികാരിമാരായി. ഇപ്പോൾ ഫാ. തോമസ് വടക്കേമുറിയിൽ വികാരിയും ഫാ. തോമസ് പൂകമല അസിസ്റ്റന്റ് വികാരിയുമാണ്. രണ്ടുവർഷം മുന്പാണ് എടൂർ ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്.
ഈ മലയോര ഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മണ്ഡലങ്ങളിലും ആധ്യാത്മിക രംഗത്തും കുടിയേറ്റ ജനത ആർജിച്ച നേട്ടങ്ങൾ നിരവധിയാണ്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിൽ ഇവിടുത്തെ ജനങ്ങൾ അഭയം പ്രാപിച്ചു.
അനുഗ്രഹ സാന്നിധ്യമായ ഇവിടെ പരിശുദ്ധ കന്യാകാ മറിയത്തിന്റെ മാധ്യസ്ഥം തേടി നാനാജാതി മതസ്ഥർ ദിവസവും ഈ ദേവാലയത്തിൽ എത്തുന്നുണ്ട്. എടൂരമ്മയെന്നാണു വിശ്വാസികൾ എടൂർ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യത്തെ ഭയഭക്തിപൂർവം വിളിക്കുന്നത്. നിലവിൽ ഒന്പത് ഇടവകകളുള്ള ഫൊറോനയാണ് എടൂർ. തലശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്സും എടൂരിൽ നിന്ന് തിരുസഭാ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്.
എടൂർ ടൗണിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി മാറുകയാണ്.
എടൂർ
എടവന്നൂർ എന്ന പേര് ലോപിച്ചാണ് എടൂർ ആയത്. ഒരു കാലത്ത് നസ്രത്ത്കുന്ന് എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു. തലശേരിയിൽനിന്നു മൈസൂരുവിലേക്കു പോകുന്ന സിഡബ്ല്യുഎൻഎംഎസിന്റെ കരിവണ്ടിയിൽ 1939 അവസാനത്തോടെ ഇരിട്ടിയിലിറങ്ങി കുന്നോത്ത് നാട്ടേൽ എന്നസ്ഥലത്ത് താമസമുറപ്പിച്ച താന്നിക്കൽ കുടുംബമാണ് ഈ മേഖലയിലെ ആദ്യത്തെ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. തുടർന്ന് ഇവിടെയെത്തിയവർക്ക് ഇടത്താവളമൊരുക്കിയതും മാർഗനിർദേശങ്ങളും നൽകിയതും സഹായ സഹകരണങ്ങൾ നൽകിയതും താന്നിക്കൽകാരാണ്.
എടൂർ തലശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവക
70 വാർഡുകളിൽ കുടുംബയൂണിറ്റുകളിലായി 1500 കുടുംബങ്ങൾ
100 വൈദികർ.
300 സിസ്റ്റേഴ്സ്.
നഴ്സറി മുതൽ ഹയർസെക്കൻഡറി വരെ സ്കൂൾ.
മൂന്ന് കോൺവെന്റുകൾ, വികാസ് ഭവൻ.
സജീവമായ ഭക്ത സംഘടനകൾ സാമൂഹിക സംഘടനകൾ.