ദീപിക ഉദാത്ത മൂല്യങ്ങളുടെ പത്രം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
1483615
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: ഉദാത്ത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പത്രപ്രവർത്തനമാണ് ദീപികയെ വേറിട്ട പത്രമാക്കി മാറ്റുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ദീപികയുടെ 138-ാം വാർഷികാഘോവും വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ വർഗീയതയുടെ വിദ്വേഷം ഉയർത്തിവിടാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങൾക്കെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിന് ദീപിക നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല.
നൂറ്റാണ്ട് കടന്നുള്ള മുന്നോട്ടുപോക്കിൽ പല വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും പത്രത്തിന്റെ സമാരംഭത്തിൽ സ്വീകരിച്ച നിലപാടുകളിൽ നിന്ന് ഒരടിപോലും പിന്നോട്ടുപോകാതെ നിർഭയം അനീതിക്കെതിരെയും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ഉറക്കെ ശബ്ദമുയർത്തുന്ന ദീപിക പത്രധർമത്തിന്റെ ഉത്കൃഷ്ട പര്യായമാണ്. ജനങ്ങൾക്കു വേണ്ടിയാണു ദീപിക എന്നും പ്രവർത്തിച്ചത്.
ദീപികയുടെ ദീപ്തമായ ഈ നിലപാട് മറ്റ് പല മാധ്യമങ്ങൾക്കും ഇല്ലെന്നതാണ് ഈ പത്രത്തെ ജനകീയമാക്കുന്നത്. ജനാധിപത്യ മതേതര രാജ്യത്തിന്റെ നിലനില്പിന് ഒരു പത്രത്തിന് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ദീപികയെന്നും മന്ത്രി പറഞ്ഞു.