കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം 26ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
1483610
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: സംസ്ഥാനത്തെ ആദ്യ നദി പുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം 26ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഹരിത കേരളം മിഷൻ ഓഫീസിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻ മലയിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചേരുന്ന കാനാമ്പുഴയെ വീണ്ടെടുക്കാൻ പുനരുജ്ജീവന സമിതിയും ഹരിത കേരളം മിഷനും ജലസേചന വകുപ്പും മറ്റ് വിവിധ വകുപ്പുകളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.
സംഘാടക സമിതി യോഗം നാളെ ചേരും. ഡിസംബർ എട്ടിനുള്ളിൽ പ്രാദേശിക സമിതി യോഗങ്ങൾ പൂർത്തീകരിക്കും. ഡിസംബർ 15ന് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. കാനാമ്പുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും ഉൾചേർത്തുകൊണ്ടുള്ള ജനകീയ സെമിനാർ ചൊവ്വ ബാങ്ക് ഹാളിൽ 24ന് നടത്തും. 24, 25, 26 തീയതികളിൽ കാനാമ്പുഴ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും.
താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളാണ് ഒന്നാംഘട്ടത്തിൽ പുനരുദ്ധരിച്ചത്. പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കരിങ്കൽ പാർശ്വഭിത്തി നിർമിക്കുകയും പാടശേഖരങ്ങളിലെ ജലസേചനാവശ്യാർഥം നീർച്ചാലുകൾ നിർമിക്കുയും ചെയ്തു. വിനോദസഞ്ചാര ഉദ്ദേശത്തോടെ പുഴയുടെ ഇരുവശങ്ങളിലും നടപ്പാത നിർമിച്ച് കയർ ഭൂവസ്ത്രം വിരിച്ച് തെരുവുവിളക്കുകളും സ്ഥാപിച്ചു.
കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടെടുക്കുകയും പൊതുജനങ്ങൾക്ക് കാൽനടയാത്രയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാത നിർമിക്കുകയും സൗരോർജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. പുനരുജ്ജീവനം പൂർത്തീകരിച്ച ഭാഗങ്ങളിൽ സിസിടിവി സ്ഥാപിക്കുവാനും യോഗത്തിൽ തീരുമാനമായി.