തെരുവുനായശല്യത്തിന് പ്രായോഗികമായ പരിഹാരം കാണുമെന്ന് മന്ത്രി കടന്നപ്പള്ളി
1483605
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായശല്യത്തിന് പ്രായോഗികമായ പരിഹാരം കാണുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഈ വിഷയത്തിൽ തദ്ദേശ സ്ഥാപനം ചെയ്യേണ്ട നടപടികൾ അവരും റെയിൽവേ ചെയ്യേണ്ട കാര്യങ്ങൾ റെയിൽവേയും ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി പറഞ്ഞു.
സർക്കാർ തലത്തിൽ ചെയ്യേണ്ട നടപടികൾ കൂടിയാലോചനയിലൂടെ സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് യാത്രക്കാരെ കടിച്ച നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിഷയം യോഗം ചർച്ച ചെയ്തത്.
ജില്ലയിൽ പടിയൂരിൽ മാത്രമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പ്രവർത്തനത്തിന് കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നല്കുന്നുണ്ട്.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ:
ആറളം ഫാമിലെ ആനമതിൽ നിർമാണത്തിന് വേഗം പോരെന്നും തടസങ്ങൾ നീക്കി എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. മതിലിനായി മരങ്ങൾ മുറിക്കാനുള്ള നടപടികൾ സാമൂഹിക വനവത്കരണ വിഭാഗം എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മരം മുറിക്കുന്നതിന് പകരമായി ആറളം ഫാമിൽ വൃക്ഷത്തൈകൾ നടുമെന്ന് ആറളം ഫാം എംഡി അറിയിച്ചു.
ആറളം ഫാമിൽ ഭൂമിക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന, വീടോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്തവർക്ക് ഭൂമി കൈമാറാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത, ഭൂരഹിതരും അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുമായ 197 പേരുടെ ഹിയറിംഗ് പൂർത്തീകരിച്ചതായി ഐടിഡിപി എപിഒ അറിയിച്ചു. പ്ലോട്ട് മാറി താമസിക്കുന്ന 83 പേരുടെ പ്ലോട്ട് പരിശോധന പൂർത്തീകരിച്ചു. ഈ രണ്ടു കേസുകളിലും നടപടികൾ പൂർത്തിയാക്കാൻ കളക്ടർ നിർദേശിച്ചു.
ജില്ലയിലെ 17 ഉന്നതികളിൽ ഹാബിറ്റാറ്റ് മുഖേന നടപ്പിലാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികളിൽ പ്രവൃത്തി ഇതുവരെ തുടങ്ങുക പോലും ചെയ്യാത്ത പയ്യന്നൂർ മണ്ഡലത്തിലെ എയ്യങ്കല്ലിൽ ഹാബിറ്റാറ്റിനെ ഒഴിവാക്കി പഞ്ചായത്തിനെ പ്രവൃത്തി ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. അംബേദ്കർ സെറ്റിൽമെറ്റ് പദ്ധതിയിൽ പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് കോളനിയിൽ ഹാബിറ്റാറ്റ് ചെയ്ത പ്രവൃത്തികളിൽ പല അപാകതകൾ ഉള്ളതായും ഗുണഭോക്താക്കൾക്ക് കൃത്യമായ ഗുണഫലം ലഭ്യമാവാത്തതായി ബോധ്യപ്പെട്ടതായും തദ്ദേശ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ റിപ്പോർട്ട് ചെയ്തു.
പയ്യന്നൂർ സബ് റീജണൽ ആർടി ഓഫീസ് പയ്യന്നൂർ കെഎസ്ആർടിസി കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് ആർടിഒ അറിയിച്ചു. സ്വന്തം ഭൂമിയിൽ പൈപ്പിംഗ് പ്രതിഭാസം നേരിട്ട ജോയ് സെബാസ്റ്റ്യൻ വട്ടക്കുന്നേലിന്റെ പുനരധിവാസത്തിന് 2023 ജൂലൈയിൽ റവന്യു മന്ത്രി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ടി.ഐ. മധുസൂദനൻ എംഎൽഎ പറഞ്ഞു. ആറാട്ടുകടവിൽ ആന ചവിട്ടിക്കൊന്നയാൾക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽ എമാരായ കെ.വി. സുമേഷ്, ടി.ഐ. മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, നഗരസഭാ ചെയർപേഴ്സൻമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.