സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് 10ന്
1483598
Sunday, December 1, 2024 6:51 AM IST
കണ്ണൂർ: ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ 10ന് സൂചനാ പണിമുടക്ക് നടത്തും. സത്യാവസ്ഥയറിയാതെ സ്വകാര്യ ബസുകളുടെ ഫോട്ടോയെടുത്ത് അമിത ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് സൂചനയായി ഒരുദിവസം ബസ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് ബസ് ഉടമസ്ഥാ സംഘം കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്യായ നടപടിക്കെതിരേ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നല്കിയിട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ബസുടമസ്ഥ സംഘം സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ 18 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്നും ബസുടമകൾ പറഞ്ഞു.
തോട്ടട നടാൽ എൻഎച്ച് 66 റോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ ഉറപ്പിന്റെ ഭാഗമായാണ് ബസുടമകളും ആക്ഷൻ കമ്മിറ്റിയും സംയുക്തമായി നടത്തിയ സമരം പിൻവലിച്ചത്. എന്നാൽ, അന്നെടുത്ത തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറുന്നതായാണ് അറിയാൻ കഴിഞ്ഞത്.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. ഗംഗാധരൻ, പി.കെ. പവിത്രൻ, കെ.പി. മുരളി, ടി.എം. സുധാകരൻ എന്നിവരും പങ്കെടുത്തു.