ആശുപത്രി തകര്‍ത്ത സംഭവം: പ്രതിയെ വെറുതെവിട്ടു
1483596
Sunday, December 1, 2024 6:51 AM IST
പയ്യന്നൂര്‍: ചെറുപുഴയില്‍ ആശുപത്രി തകര്‍ത്തതായുള്ള പരാതിയില്‍ കുറ്റാരോപിതയെ കോടതി വെറുതെ വിട്ടു. പെരിങ്ങോം കാനംവയലിലെ ജിനു സാബുവിനെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി. ഷീജ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2014 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പരാതിക്കാസ്പദമായ സംഭവം.
രോഗിയായ യുവതി ചെറുപുഴ സഹകരണ ആശുപത്രിയുടെ ഐസിയുവിന്റെ ചില്ല് കസേര കൊണ്ട് അടിച്ചു തകര്‍ക്കുകയും നഴ്സിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു പരാതി. അക്രമത്തില്‍ 15,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് കാണിച്ച് ആശുപത്രി സിഇഒ വി.പി. ജോര്‍ജ് നല്കിയ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.