രാജഗിരിയിലെ ക്വാറികൾക്കെതിരേ കോൺഗ്രസ് പ്രത്യക്ഷസമത്തിന്
1478489
Tuesday, November 12, 2024 7:00 AM IST
ചെറുപുഴ: രാജഗിരിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്ക് ചെറുപുഴ പഞ്ചായത്ത് പ്രവർത്തനാനുമതി പുതുക്കി നൽകിയാൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരമ്പര നടത്തുമെന്ന് ചെറുപുഴയിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു. ക്വാറികൾക്കെതിരെ നിരവധി പരാതികൾ ആണ് പ്രദേശവാസികൾ അധികാരികൾക്ക് നൽകിയത്.
ഇതിനെ തുടർന്ന് രാജഗിരിയിലെ ക്വാറികളെ കുറിച്ച് പഠിക്കാൻ ആർഡിഒ അധ്യക്ഷനായ ഒരു കമ്മിറ്റിയെ ജില്ലാ കളക്ടർ നിശ്ചയിച്ചു. കമ്മിറ്റിയുടെ മുന്പാകെ ക്വാറിയുടെ പ്രവർത്തനത്തിലെ നിരവധി നിയമവിരുദ്ധതകൾ രാഷ്ട്രീയ പ്രവർത്തകരും സമീപവാസികളും ചൂണ്ടിക്കാണിക്കുകയും ഉണ്ടായി. ഉദ്യോഗസ്ഥ സംഘത്തിന്റെ കൂടെ ക്വാറിക്കുള്ളിൽ പ്രവേശിച്ച പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും നിയമലംഘനങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്.
മുന്പ് കോൺഗ്രസ് ഭരണസമിതി പഞ്ചായത്ത് ഭരിച്ചപ്പോൾ ക്വാറികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായ നടപടി എടുക്കുകയും അവയ്ക്ക് പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വാറി മുതലാളിമാർ കോടതിയിൽ പോയപ്പോൾ ജനങ്ങൾക്ക് വേണ്ടി പഞ്ചായത്ത് നേരിട്ട് കോടതിയിൽ കക്ഷിചേരുകയും നിയമലംഘനങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
നിലവിൽ ക്വാറിയുടെ പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് പൂർണ ബോധ്യം ഉണ്ടായിരിക്കെയും കമ്മാളികല്ലിന് സമീപമുള്ള തോടുകൾ നികത്തുന്നതുൾപ്പെടെയുള്ള നിരവധി നിയമലംഘനങ്ങൾ നടത്തുന്ന സാഹചര്യത്തിലും പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ നിയമപരമായി അധികാരമുണ്ട്.
പഞ്ചായത്ത് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറിയാൽ ജനങ്ങളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് തയാറാകുമെന്നും നേതാക്കളായ മനോജ് വടക്കേൽ, ജയിംസ് രാമത്തറ, എം. വിനോദ്, ബാബു കണംകൊമ്പിൽ, ബെന്നി കാനക്കാട്ട് എന്നിവർ അറിയിച്ചു.