മുഴപ്പിലങ്ങാട് സൂരജ് വധം: 22 സാക്ഷികളുടെ വിചാരണ പൂർത്തിയായി
1478487
Tuesday, November 12, 2024 7:00 AM IST
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 22 സാക്ഷികളുടെ വിചാരണ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. 44 സാക്ഷികളുള്ള കേസിൽ രണ്ടു സാക്ഷികൾ കൂറുമാറി. അന്വേഷണ ഉദ്യാഗസ്ഥനായ കെ. ദാമോദരന്റെ ക്രോസ് വിസ്താരം 19ന് നടക്കും.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്നു പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. പന്ത്രണ്ടു പ്രതികളുള്ള കേസിൽ രണ്ടുപേർ മരിച്ചു. പാനൂർ പത്തായക്കുന്നിലെ ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ ജിത്തു എന്ന ഷംജിത്ത് (48), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട്ടെ നെയ്യോത്ത് സജീവൻ (57), പ്രഭാകരൻ (66), കരിയില വളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60), മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ചോയി പപ്പൻ എന്ന പദ്മനാഭൻ(67), പ്രദീപൻ (58), എടക്കാട് കണ്ണവത്തിൽമൂലയിലെ പ്രകാശൻ (56)എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. മക്രേരി തെക്കുമ്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദീൻ എന്നീ പ്രതികൾ ജീവിച്ചിരിപ്പില്ല.
സൂരജിനു നേരെ 2004ലും വധശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആറു മാസത്തോളമുള്ള ചികിത്സയിലായിരുന്നു. ഇതിനുശേഷം 2005 ഓഗസ്റ്റ് ഏഴിന് രാവിലെ മുഴപ്പിലങ്ങാട് എഫ് സി ഐ ഗോഡൗണിന് സമീപം വച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന സൂരജ് പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു.