കരിയർ ഡവലപ്മെന്റ് സെന്റർ; സ്ഥലം കൈമാറാൻ സർക്കാരിന്റെ അനുമതി
1478474
Tuesday, November 12, 2024 7:00 AM IST
പയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമായി അനുവദിച്ച കരിയർ ഡവലപ്മെന്റ് സെന്ററിന് കണ്ടങ്കാളി വികസന സമിതി സൗജന്യമായി വിട്ടുനൽകുന്ന 12 സെന്റ് ഭൂമി രജിസ്ട്രർ ചെയ്യുന്നതിന് സർക്കാരിന്റെ അനുമതിയായതായി ടി.ഐ. മധുസൂദനൻ എംഎൽഎ അറിയിച്ചു. 2022-23 വർഷമാണ് പയ്യന്നൂർ കേന്ദ്രമായി കരിയർ ഡവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് സർക്കാർ അനുമതിയായത്.
സ്വദേശത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ, ഉപരിപഠന അഭിരുചി മനസിലാക്കാൻ സൈക്കോമെട്രിക് ടെസ്റ്റുകൾ, ഉപരിപഠന മേഖലയെ പരിചയപ്പെടുത്തൽ, നൂതന സാങ്കേതിക വിദ്യ വിദ്യാർഥികൾക്ക് ലഭ്യമാക്കൽ,വിവിധ തൊഴിൽ പരിശീലനങ്ങൾ, പിഎസ്സി, യുപിഎസ്സി, സിവിൽ സർവീസ് പരീക്ഷകൾക്കാവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവയാണ് ഇത്തരം സെന്ററുകളിൽ പ്രധാനമായും നടക്കുന്നത്.
ടി.ഐ. മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു. നഗരസഭ കൗൺസിലർമാർ, കണ്ടങ്കാളി വികസന സമിതി ഭാരവാഹികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും കൂടെ ഉണ്ടായിരുന്നു.