400 കെ.വി വൈദ്യുത ലൈൻ: നഷ്ട പരിഹാര തീരുമാനം വൈകുന്നു; ഭൂവുടമകൾ ആശങ്കയിൽ
1478471
Tuesday, November 12, 2024 7:00 AM IST
ഇരിട്ടി: വയനാട് കരിന്തളം 400 കെ.വി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്നത് ഭൂവുടമകളെ ആശങ്കയിലാക്കുന്നു. മന്ത്രിതലത്തിലും തുടർന്ന് മുഖ്യമന്ത്രിതലത്തിലും നിരവധി ചർച്ചകൾ നടന്നുവെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം നീണ്ടുപോകുകയാണ്. 2016 ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുന്നത്.
തുടർന്ന് പ്രദേശത്തെ ആകാശ സർവേ പൂർത്തിയാക്കി ലൈൻ പോകുന്ന വഴികളിൽ കല്ലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ എന്തിനാണ് കല്ലുകളിട്ടതെന്ന് സ്ഥല ഉടമകളോട് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് കെഎസ്ഇബി അധികൃതർ കൃഷിസ്ഥലങ്ങളിൽ എത്തി ടവർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് കല്ലുകൾ ഇട്ടത് എന്ത് ആവശ്യത്തിനാണെന്ന് സ്ഥലമുടമകൾ അറിയുന്നതും പ്രവൃത്തി തടഞ്ഞതും. പലതലത്തിൽ ചർച്ചകൾ നടത്തിയിട്ടും പ്രശ്നം തീരുമാനമാകാഞ്ഞതിനാൽ കണ്ണൂർ ജില്ലയിലെ ടവർ നിർമാണം ഉൾപ്പെടെ പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കുകയായിരുന്നു.
നഷ്ടപരിഹാര പാക്കേജ്
നഷ്ടപരിഹാര പാക്കേജിലെ അപര്യാപ്തതയാണ് പദ്ധതി പ്രവർത്തനം നിർത്തിവയ്ക്കാനിടയാക്കിയത്. ആദ്യ പാക്കേജ് പ്രകാരം നഷ്ടപരിഹാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്ത് ഒരു ആറിന് (2.5 സെന്റ് ) ന്യായ വിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് ന്യായ വിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവുമായിരുന്നു. എന്നാൽ കർഷകർ ഇത് അംഗീകരിച്ചില്ല. ഏതാനും മാസങ്ങൾക്ക് മുന്പ് കെഎസ്ഇബി കർണാടക മോഡൽ നഷ്ടപരിഹാര പാക്കേജ് അവതരിപ്പിച്ചുവെങ്കിലും കർഷകർ ഇതും അഗീകരിച്ചിട്ടില്ല. കർണാടക മോഡൽ പാക്കേജിൽ ടവർ സ്ഥാപിക്കുന്ന സ്ഥലത്ത് ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്ത് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവുമായിരുന്നു.
കർഷകരുടെ ആവശ്യം
നിലവിൽ പ്രശ്ന പരിഹാരത്തിനായി കർഷകർ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശപ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50000 രൂപയും നൽകണമെന്നാണ്. അല്ലെങ്കിൽ യഥാക്രമം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 10 ഇരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് അഞ്ചിരട്ടി എന്നൊരു പാക്കേജും കർഷകർ മുന്നോട്ടുവച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ സംയുക്ത ആക്ഷൻ കൗൺസിലിന്റെ ഈ തീരുമാനം എംൽഎമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരെ അറിയിച്ചിരുന്നു. അനുകൂല തീരുമാനം എടുക്കുമെന്നല്ലാതെ ആരും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
കാസർഗോഡ് ജില്ലയിലെ യോഗത്തിലും മന്ത്രി കർഷകരുടെ ആശങ്കകൾ പരിഗണിക്കും എന്നല്ലാതെ മറ്റൊരുറപ്പും നൽകിയിട്ടില്ല.
125 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിക്ക് ഏകദേശം 1500 ഏക്കർ കൃഷിഭൂമിയാണ് നഷ്ടപ്പെടുക. ലൈൻ കടന്നുപോകുന്നതിടെ പലരുടെയും സ്ഥലങ്ങൾ രണ്ടായി വിഭജിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വിഷയം സ്ഥലത്തിന്റെ വിലയിടിവാണ്.
അടിയന്തര ഘട്ടത്തിൽ സമീപത്തെ സ്ഥലം പോലും വില്പന നടത്താൻ കഴിയാതെ വരുന്ന ഗുരുതര പ്രശ്നവും ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലവിൽ വന്നതാണ് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് കെഎസ്ഇബി അധികൃതർ അനൗദ്യോഗികമായി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.