എസ്ഐ ചമഞ്ഞു പണം തട്ടിയ വിരുതൻ പിടിയിൽ
1478232
Monday, November 11, 2024 5:30 AM IST
പയ്യന്നൂർ: എസ്ഐ ചമഞ്ഞ് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയ വിരുതൻ പിടിയിൽ. തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ജയ്സനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂർ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയെടുത്തയാളെയാണ് പിടികൂടിയത്.
ഹൈവേ പോലീസിലെ എസ്ഐ ജയ്സനാണെന്നും വണ്ടിക്കൂലി കൊടുക്കാൻ 410 രൂപ നൽകണമെന്നും രണ്ടു മിനിട്ടിനകം തിരിച്ചു തരാമെന്നും പറഞ്ഞ് വ്യാപാരികളെ സമീപിക്കുന്നതിന്റെ നിരീക്ഷണ കാമറദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആറിന് രാത്രി ഒമ്പതോടെ പയ്യന്നൂർ പെരുമ്പയിലെ ഫ്രൂട്ട്സ് കടയിൽനിന്നും ഇത്തരത്തിൽ 420 രൂപ വാങ്ങി ചതിച്ചതായുള്ള പയ്യന്നൂർ മമ്പലം സ്വദേശി കെ.കെ. രാജുവിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഇതിനിടയിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് തട്ടിപ്പ് ആവർത്തിക്കവേ വ്യാപാരികളാണ് ഇയാളെ പിടികൂടി പോലീസിലേൽപിച്ചത്. തളിപ്പറമ്പ് പോലീസ് പയ്യന്നൂർ പോലീസിന് കൈമാറിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.