കുടിയേറ്റ മ്യൂസിയം കാണാൻ പതിറ്റാണ്ടിലേക്ക് നീളുന്ന കാത്തിരിപ്പ്
1478229
Monday, November 11, 2024 5:30 AM IST
ബേബി സെബാസ്റ്റ്യൻ
ചെമ്പന്തൊട്ടി: ഉത്തര മലബാറിലെ കുടിയേറ്റ കർഷകരുടെ മാർഗദീപമായിരുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മാരകമായി ചെമ്പന്തൊട്ടിയിൽ നിർമാണമാരംഭിച്ച കുടിയേറ്റ മ്യൂസിയം നീണ്ട ഒമ്പതു വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ അനിശ്ചിതാവസ്ഥയിൽ. രണ്ടു ഘട്ടങ്ങളിലായി നടന്ന നിർമാണ പ്രവൃത്തികളിലൂടെ ഏറെക്കുറെ പൂർത്തിയാക്കിയ കെട്ടിടങ്ങളും പരിസരങ്ങളും ഇപ്പോൾ കാടുകയറിയ നിലയിലാണുള്ളത്.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോനപള്ളിക്ക് സമീപം തലശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്ത് 2015 ലാണ് മ്യൂസിയ നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. വർഷങ്ങൾ പിന്നിട്ടെങ്കിലും രണ്ടു കെട്ടിടങ്ങൾ നിർമിച്ചതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ കിറ്റ്കോ ആയിരുന്നു ആദ്യഘട്ടത്തിൽ നിർമാണം നടത്തിയത്. രണ്ടാം ഘട്ടമായാണ് കുടിയേറ്റ കാലത്തെ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായി മറ്റൊരു കെട്ടിടംകൂടി പണിതത്.
പുരാവസ്തു വകുപ്പിൽനിന്ന് 1.65 കോടിയും മുൻ എംഎൽഎയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന കെ.സി. ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷവും ചേർന്ന് 2.15 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. രണ്ടാം ഘട്ട പ്രവൃത്തിയുടെ തുക സർക്കാരിൽനിന്ന് കരാറുകാർക്ക് ലഭിക്കാത്തതിനാലാണ് മാസങ്ങളായി നിർമാണ പ്രവൃത്തി മുടങ്ങാൻ കാരണമെന്നറിയുന്നു. പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇപ്പോൾ നിർമാണ പ്രവൃത്തിയുടെ ചുമതല. നിർമാണപ്രവൃത്തി നിലച്ചതിനാൽ കെട്ടിടങ്ങളിലും പരിസരത്തും ഇപ്പോൾ കാടുകൾ പടർന്നു.
ഇതിനകം നിർമാണം പൂർത്തിയായ കെട്ടിടത്തിൽ മ്യൂസിയം സജ്ജമാക്കാനുളള നടപടിയും ആരംഭിച്ചിട്ടില്ല. മ്യൂസിയത്തിൽ സംരക്ഷിച്ച് പ്രദർശിപ്പിക്കേണ്ട പുരാവസ്തുക്കൾ ശേഖരിക്കാനുള്ള നീക്കവും അലംഭാവത്തിലാണ്. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സമീപ മേഖലയിലെ കാക്കണ്ണൻപാറയിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന കലാഗ്രാമത്തിന്റെ മാതൃകയിലാണ് മ്യൂസിയത്തിന്റെ കെട്ടിടങ്ങളും രൂപകല്പന ചെയ്തിട്ടുള്ളത്. മ്യൂസിയം നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പായി പ്രമുഖ ചരിത്രകാരന്മാരെ പങ്കെടുപ്പിച്ച് ചെമ്പന്തൊട്ടിയിൽ സെമിനാർ നടത്തുകയും മ്യൂസിയത്തിൽ ഉൾപ്പെടുത്തേണ്ടവയെന്തൊക്കെയെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, രേഖകൾ, തിരുവിതാംകൂർ ചരിത്രം ഉൾപ്പെടെ മുൻകാല ചരിത്ര സംഭവങ്ങൾ, കുടിയേറ്റക്കാർ ഉപയോഗിച്ചിരുന്ന പഴയ കാല ഉപകരണങ്ങൾ എന്നിവ മ്യൂസിയത്തിൽ സ്ഥാപിച്ച് പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ പൂർണകായ പ്രതിമ മ്യൂസിയത്തിനു മുന്നിലെ റോഡരികിലായി സ്ഥാപിക്കും. മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള പഴയകാല ഉപകരണങ്ങൾ പൊതുജനങ്ങളിൽനിന്ന് ലഭ്യമാകുന്നവ കണ്ടെത്താൻ സർവേയും നടത്തിയിരുന്നു.
ഇതിനിടെ സജീവ് ജോസഫ് എംഎൽഎ അനുവദിച്ച തുക ഉപയോഗിച്ച് ചെമ്പന്തൊട്ടി-നടുവിൽ റോഡിൽനിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് നവീകരിച്ച് ടാറിംഗും നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെട്ടിടങ്ങളും പരിസരങ്ങളും കൂടുതൽ കാട്കയറി നശിക്കും മുമ്പ് മ്യൂസിയം പ്രവർത്തനക്ഷമമാക്കണമെന്നാണ് പ്രദേശവാസികളായ കുടിയേറ്റ കർഷകസമൂഹം ആവശ്യപ്പെടുന്നത്.