വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞില്ല
1478224
Monday, November 11, 2024 5:30 AM IST
പെരുമ്പടവ്: മലയോരമേഖലയിൽ പുലി ഭീതിയിൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളോറ, കക്കറ, കടവനാട് മേഖലകളിലെ ഏറ്റവും കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുന്നത് റബർ ടാപ്പിംഗ് തൊഴിലാളികളാണ്. കുട്ടികളെ സ്കൂളിൽ ഒറ്റയ്ക്ക് അയക്കാനും മാതാപിതാക്കൾ ഭയപ്പെടുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച വെള്ളോറയിലും കടവനാടും സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യം ഇതുവരെ പതിഞ്ഞില്ല.
കടവനാട് പ്ലാന്റേഷന്റെ ഭാഗം, വെള്ളോറ പൊതുശ്മശാനം പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ദിവസവും പരിശോധന നടത്തുന്നുണ്ട്. വെള്ളോറ, കക്കറ, കരിമണൽ, അനിക്കം , കടവനാട് പ്രദേശങ്ങളിൽ വനംവകുപ്പ് ക്യാമ്പ് ചെയ്ത് പരിശോധന തുടരുന്നുണ്ട്.
പുലിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുമ്പോഴും കഴിഞ്ഞദിവസം രാത്രി അനിക്കത്ത് താന്നിമൂട്ടിൽ സജിയുടെ വീടിന് സമീപം പുലിയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കി.
വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകളിൽ ദൃശ്യം പതിഞ്ഞിട്ടില്ലാത്തതിനാൽ സ്ഥാനം മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്ത് റോഡരികിലെ കാടുകൾ അടിയന്തരമായും വെട്ടിത്തെളിച്ചാൽ അതുവഴി നടന്നുപോകാനെങ്കിലും സാധിക്കുമെന്ന് നാട്ടുകാരും പറയുന്നു.
എരമം-കുറ്റൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുമൃഗങ്ങളുടെ താണ്ഡവം സ്ഥിരീകരിച്ചിട്ടുണ്ട്. ആൾപ്പാർപ്പില്ലാത്ത വീടുകളുടെ പരിസരവും പൊന്തക്കാടുകളും നിറഞ്ഞ ഭൂമിയിൽ ഇത്തരം ജീവികളുടെ ആവാസ കേന്ദ്രമായി തീർന്നിട്ടുണ്ട്. അതിനാൽ ഇത്തരം സ്ഥലങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കണം അല്ലാത്തപക്ഷം പൊതുജന ശല്യത്തിനെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
-ടി.ആർ. രാമചന്ദ്രൻ,
എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്
നടുക്കത്തോടെ
പുലിയെ കണ്ട നടുക്കം വിട്ടുമാറാതെ വ്യാപാരിയായ റാഷിദ്. പെരുവാമ്പയിൽ കച്ചവടം നടത്തുന്ന തെന്നത്തെ റാഷിദ് കടയടച്ച് രാത്രിയിൽ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് അനിക്കത്ത് നടുറോഡിൽ പുലിയെ കണ്ടത്. ഭയന്നുപോയ റാഷിദ് സ്കൂട്ടർ റോഡ് അരികിൽ നിർത്തി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല. പിന്നീട് തൊട്ടടുത്തുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. ഉടൻതന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. താൻ കണ്ടത് പുലിയെയാണെന്ന് അദ്ദേഹം പറയുന്നു.
-റാഷിദ്, നാട്ടുകാരൻ