യാത്രക്കാർക്ക് അപകടഭീഷണിയായി റോഡിലെ കുഴി
1478220
Monday, November 11, 2024 5:29 AM IST
കൂത്തുപറമ്പ്: റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മമ്പറം-അഞ്ചരക്കണ്ടി റോഡിൽ പൊയനാട് ജവാൻ സ്റ്റോറിനു സമീപത്തെ വളവിൽ റോഡിലാണു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഏറെക്കാലമായി കുഴി അപകട ഭീഷണി ഉയർത്തുന്നുവെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ അഞ്ചരക്കണ്ടി-എയർപോർട്ട് റോഡാണിത്. മഴയൊന്ന് പെയ്താൽ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും നിരവധി അപകടങ്ങൾ ഇടയാക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കൂടുതലായും ഇരുചക്രവാഹനങ്ങളാണു കുഴിയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്.
റോഡിന്റെ വശങ്ങളിൽ കാട്ടുചെടികൾ വളർന്നു കിടക്കുന്നതു കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇത് വലിയ അപകടങ്ങൾക്കിടയാക്കുന്നത്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്നാണു പരാതി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അപകടാവസ്ഥ ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.