അമൃത് ഭാരത് പദ്ധതി; പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറും
1478218
Monday, November 11, 2024 5:29 AM IST
പയ്യന്നൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്വരിതഗതിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്നു. പാര്‍ക്കിംഗ് സൗകര്യം, കൗണ്ടറുകള്‍, ബുക്കിംഗ് ഓഫീസ്, ദീപസംവിധാനങ്ങള്‍, ശുചിമുറികള്‍, വിശ്രമ സൗകര്യങ്ങള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍, ലിഫ്റ്റുകള്‍, എസ്കലേറ്റര്‍, പ്ലാറ്റ്ഫോമുകളില്‍ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മേല്‍ക്കൂരകള്‍ എന്നിയുടെ നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്.
32 കോടി 20 ലക്ഷം രൂപ ചെലവില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്ണൂര്‍ ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് പയ്യന്നൂര്‍. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ വീര്‍പ്പുമുട്ടിയിരുന്ന ഇവിടെ രണ്ടായിരത്തോളം ഇരുചക്രവാഹനങ്ങള്‍ക്കും അഞ്ഞൂറോളം കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സജ്ജമാക്കുന്നത്. ഇതില്‍ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പാര്‍ക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കിഴക്കുഭാഗത്തെ പാര്‍ക്കിംഗിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.