കൊട്ടിയൂരിൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ രാഷ്ട്രീയ പോര് കത്തുന്നു
1478078
Sunday, November 10, 2024 7:57 AM IST
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി അട്ടിമറിച്ചു എന്ന ആരോപണം രാഷ്ട്രീയ വാദപ്രതിവാദങ്ങളായി കത്തുന്നു.
പദ്ധതിയിൽ ഉൾപ്പെടേണ്ട അർഹരെ സിപിഎം നേതാവും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ കമ്മിറ്റി പ്രസിഡന്റുമായ ആൾ കബളിപ്പിച്ചുവെന്നാണ് വനാതിർത്തിയിൽ താമസിക്കുകയും ഇതുവരെ ഭൂമി ഏറ്റെടുക്കൽ പട്ടികയിൽ ഉൾപ്പെടാത്തതുമായുള്ളവർ ആരോപിക്കുന്നത്. എന്നാൽ, ഇത് ബിജെപി, കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഫലമായി ഉണ്ടായ ആരോപണമാണെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിശദീകരണം.
നേരത്തെ വനം വകുപ്പ് ജെണ്ട അതിർത്തി പങ്കിടുന്ന ആളുകളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങാത്തതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾപിന്തുണയുമായി കോൺഗ്രസ് നേതാക്കളും പങ്കെടുത്തതോടെ വിഷയം രാഷട്രീയ പ്രശ്നമായി മാറി. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്മുടാകവും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി ആമക്കാട്ടും പ്രതിഷേധക്കാരോടൊപ്പം വനംവകുപ്പ് ഓഫീസിൽ എത്തിയിരുന്നു. വിവരമറിഞ്ഞ് ബിജെപി നേതാക്കളും ഇവിടെ എത്തിയിരുന്നു.
ഉരുൾപൊട്ടൽ, വന്യമൃഗ ശല്യം തുടങ്ങിയ കാര്യങ്ങളാല് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആ സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകി, അവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതാണ് പദ്ധതി. പദ്ധതി സ്വന്തക്കാർക്കും കമ്മിറ്റി പ്രസിഡന്റിന്റെ കുടുംബത്തിനുമായി മാത്രം ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
പദ്ധതി പട്ടികയിൽ ഉൾപ്പെടുത്തി പണം നൽകിയത് വനാതിർത്തിയിൽ നിന്നും അകലെ താമസിക്കുന്നവരെയാണെന്നും ആക്ഷേപമുണ്ട്. പാർട്ടി നേതാവിനും പാർട്ടിക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോപണവും പ്രതിഷേധവും കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിൽ നിന്നുണ്ടായതാണെന്നാണ് ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം.
എന്നാൽ, തങ്ങളെ സിപിഎം നേതാക്കൾ പറ്റിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തിയതോടെ ഇക്കാര്യം കോൺഗ്രസും ബിജെപിയും രാഷ്ട്രീയ വിഷയമാക്കി ഏറ്റെടുക്കുകയാണ്. 12ന് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ പ്രദേശവാസികളുടെയും ഫോറസ്റ്റ് അധികൃതരുടെയും, പഞ്ചായത്ത് പ്രതിനിധികളുടെയും സംയുക്ത യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.