എടപ്പുഴയിൽ വീണ്ടും റീസർവേ വിവാദം:പലരുടെയും ഭൂമി പുറന്പോക്കായി മാറിയേക്കും
1329324
Wednesday, August 16, 2023 7:52 AM IST
എടപ്പുഴ: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ എടൂർ മുതൽ വാളത്തോട് വരെയുള്ള വെന്പുഴയുടെ ഇരുകരകളിലും നടത്തുന്ന റീസർവേ സംബന്ധിച്ച് വീണ്ടും വിവാദം. 1967ലെ സർക്കാർ അംഗീകരിക്കാത്ത സർവേരേഖകളുടെ അടിസ്ഥാനത്തിൽ റീ സർവേ നടത്തുന്നതാണ് വിവാദത്തിനിടയക്കുന്നത്. ഇതുപ്രകാരം സർവേ നടത്തുന്പോൾ നിലവിൽ പട്ടയമുള്ളതും നികുതി അടയ്ക്കുന്നതുമായ ഭൂമി പലയിടത്തും പുറന്പോക്കായി മാറുമെന്നത് ഭൂവുടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വീടുകളും കൃഷിയിടങ്ങളും പുറന്പോക്കിലേക്ക്
1950 ന് ശേഷം കുടിയേറ്റം നടന്ന എടപ്പുഴ വാളത്തോട് മേഖലകളിൽ തീർത്തും സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ കൃഷിഭൂമികളാണ്. ഒരു ആയുസിന്റെ പരിശ്രമം മുഴുവൻ ചേർത്തുവച്ച് പണിതീർത്ത വീടുകളും കൃഷിസ്ഥലങ്ങളും റീസർവേ പ്രകാരം പൂർണമായും ഭാഗികമായും പുറംപോക്കിലേക്ക് മാറ്റപ്പെടും. മുളന്താനത്ത് വർഗീസ്, ഈട്ടിക്കൽ കുട്ടി, കോലാട്ടുവെളിയിൽ ജോസ്, കുന്നുംപുറത്ത് മാത്യു തുടങ്ങിയവരുടെ വീടുകൾ റീസർവേ പ്രകാരം പൂർണമായും പുറന്പോക്കിലാകുമെന്നാണ് റിപ്പോർട്ട്. ബാങ്ക് ലോണിന്റെ സഹായത്തോടെ നിർമിച്ച വീടുകൾവരെ ഇത്തരത്തിൽ പുറന്പോക്കിലേക്ക് മാറ്റപ്പെടുകയാണ്. പട്ടയം ലഭിച്ച ഭൂമിയുടെ പകുതിയിലേറെയും നഷ്ടപ്പെടുന്ന കർഷകരുമുണ്ട്.
വിവാദമായ 1967ലെ കണ്ണാടി സർവേ
1961 ലെ കേരള സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സെക്ഷൻ 9/2 പ്രകാരം നോട്ടിഫിക്കേഷൻ നൽകാതെയാണ് 1967 കണ്ണാടി സർവേ പൂർത്തിയാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൃഷി ഭൂമി അല്ലാതെ കാടുകയറിക്കിടന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താതെ നടന്ന സർവേ അടിസ്ഥാനമാക്കി വീണ്ടും റീസർവേ നടത്തുന്നതാണ് ഇതിന്റെ അപാകതയെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഇവിടങ്ങളിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് റീസർവേ നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയാനോ പുഴയ്ക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകുന്നതിനോ കർഷകർ എതിരല്ലന്നും എന്നാൽ അഞ്ചും പത്തും സെന്റിൽ വീട് നിർമിച്ച് താമസിക്കുന്നവരുടെ അവസ്ഥ അധികൃതർ മനസിലാക്കണമെന്നും റീ സർവേ കർമ സമിതി ആവശ്യപ്പെട്ടു.
2022 ലെ കമ്മീഷൻ
റീ സർവേയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലവിൽ വന്നതോടെ ജില്ലാ കളക്ടർ ചെയർമാനായി കമ്മീഷൻ രൂപീകരിച്ചിരുന്നു. കമ്മീഷൻ എടൂരിൽ നടത്തിയ സിറ്റിംഗിൽ ജനപ്രതിനിധികൾ അടക്കം കർഷകരുടെ പ്രശ്നങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തുകയും സ്ഥലങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും എടപ്പുഴ ഭാഗങ്ങളിൽ 12/67, മുതൽ 93 ഉൾപ്പെടെ ഉള്ള പല സർവേ നമ്പറിൽപെടുന്ന സ്ഥലങ്ങളാണ് നികുതി അടയ്ക്കാൻ കഴിയാതെ വരും എന്നാണ് ബന്ധപ്പെട്ടവർ തന്നെ പറയുന്നത്.
പരിഹാരത്തിന് സർക്കാർതല നടപടി വേണം
പ്രശ്ന പരിഹാരത്തിന് ഏക മാർഗം സർക്കാർതല തീരുമാനം മാത്രമാണ്. നിലവിലെ നിർദേശപ്രകാരം 1967 ലെ സർവേ പ്രകാരം റീസർവേ നടത്താനാണ് ഉത്തരവ്. അതുകൊണ്ടുതന്നെ റീസർവേ നടത്തുന്ന ഉദ്യോഗസ്ഥർ പഴയ സർവേ അടിസ്ഥാനമാക്കി സർവേ നടത്തുന്ന ഭൂമി പലതും ഇന്ന് ജനവാസ മേഖലകളാണ്. അയ്യൻകുന്ന് പഞ്ചായത്ത് പാസാക്കിയ രണ്ടു പ്രമേയത്തിലും തത്സ്ഥിതി തുടരണം എന്നാവശ്യപ്പെട്ടത് ഇതിനുള്ള തെളിവാണ്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ അടക്കം ബഹിഷ്കരിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് റീ സർവേ കർമസമിതി ആലോചിക്കുന്നുണ്ട്.