ശ്രീകണ്ഠപുരത്ത് യുവാവിന് ബസിനുള്ളിൽവച്ച് വെട്ടേറ്റു
1487606
Monday, December 16, 2024 6:36 AM IST
ശ്രീകണ്ഠപുരം: ബസിനുള്ളിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. പൈസക്കരി സ്വദേശി അഭിലാഷിന് (30) ആണ് വെട്ടേറ്റത്. സുഹൃത്തായ ചെങ്ങളായി വളക്കൈ സ്വദേശി ബിബിനാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ ബസ് എത്തുന്നതിന് തൊട്ടുമുന്പ് നിലവിളി കേട്ടതിനെത്തുടർന്ന് ജീവനക്കാർ നോക്കുന്പോൾ അഭിലാഷ് രക്തംവാർന്ന നിൽക്കുന്നതാണു കണ്ടത്. ഉടൻ തന്നെ ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായി പരിക്കുള്ളതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തളിപ്പറമ്പിൽനിന്നു ശ്രീകണ്ഠപുരത്തേക്ക് വന്ന നെല്ലൂർ ബസിലായിരുന്നു സംഭവം. പിടിവലിക്കിടയിൽ ബിബിനും സാരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. ബിബിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകണ്ഠപുരം പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഇരുവരെയും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കാര്യം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.