ആദ്യ സിനിമ രാജ്യാന്തരമേളയിലേക്ക്; മലയോരത്തിന് അഭിമാനമായി സച്ചിന് ജോസ്
1487026
Saturday, December 14, 2024 6:21 AM IST
പാലാവയല്: സ്വതന്ത്രമായി സൗണ്ട് ഡിസൈനിംഗും ഫൈനല്‍ മിക്സിംഗും നടത്തിയ ആദ്യ സിനിമ തന്നെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പാലാവയല് സ്വദേശി സച്ചിന് ജോസ്.
സച്ചിനും സുഹൃത്തുക്കളായ വിനയ് ജോണ്‍, ആരോമല്‍ വൈക്കം എന്നിവരുമാണ് ചിത്രം സൗണ്ട് ഡിസൈന്‍ ചെയ്തത്. സച്ചിന് ഫൈനല്‍ മിക്സിംഗ് ചെയ്ത് പൂര്‍ത്തീകരിച്ച ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫാസില്‍ മുഹമ്മദ് എടപ്പാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് സൗണ്ട് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ സച്ചിന് എറണാകുളത്ത് ഒരു വര്‍ഷത്തോളം ഡബ്ബിംഗ് എന്‍ജിനിയറായി ജോലി ചെയ്തിരുന്നു.
മുംബൈ കേന്ദ്രീകരിച്ച് ശരത് മോഹന്‍, സിനോയി ജോസഫ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരവേയാണ് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാന്‍ അവസരം സച്ചിനെ തേടിയെത്തിയത്. പാലാവയല് കരക്കൊഴുപ്പില്‍ ജോസ്-ലാലി ദമ്പതികളുടെ മകനാണ് സച്ചിന്. ശില്പ സഹോദരിയാണ്.