ചെറുകഥയുടെ കുലപതിക്ക് ഇന്ന് 95-ാം പിറന്നാൾ
1486720
Friday, December 13, 2024 5:06 AM IST
കണ്ണൂര്‍: മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയും തെളിമയും പൊരുത്തക്കേടുകളും എഴുത്തില്‍ വിളക്കിച്ചേര്‍ത്ത കഥയുടെ കുലപതിക്ക് ഇന്ന് 95 -ാം പിറന്നാൾ. ഈ പ്രായത്തിലും കഥകളെഴുതുന്ന മറ്റൊരെഴുത്തുകാരന് മലയാളത്തിലില്ലെന്നു നിസംശയം പറയാം. ഒരാഴ്ച മുമ്പും പദ്മനാഭന് ഒരു കഥയെഴുതി. വൈകാതെ അതും വായനക്കാരിലെത്തും. വൃശ്ചികത്തിലെ ഭരണിനാളില്‍ (ഡിസംബര്‍ 13) ആണ് ടി. പദ്മനാഭന് തൊണ്ണൂറ്റിയഞ്ചിലേക്കു കടക്കുന്നത്. മലയാള കഥയില്‍ മാനവികതയുടെ പ്രകാശംപരത്തിയ ടി.പദ്മനാഭന് കുറച്ചുകാലം മുമ്പുവരെ ജന്മദിനാഘോഷങ്ങളോട് അകലം പാലിക്കുകയായിരുന്നു.
കുട്ടിക്കാലത്ത് അമ്മ നല്കിയ ഉണ്ണിയപ്പത്തിന്റെയും പായസത്തിന്റെയും രുചി മാത്രമായിരുന്നു പദ്മനാഭന്റെ ഓര്‍മയിലെ പിറന്നാള്‍ മധുരം. പള്ളിക്കുന്നിലെ തിണയ്ക്കല്‍ ദേവകിയമ്മ എന്ന അമ്മുക്കുട്ടിയമ്മയുടെയും പുതിയേടത്ത് കൃഷ്ണന് നായരുടെയും നാലാമത്തെ മകനായാണു പദ്മനാഭന്റെ ജനനം. എണ്‍പത്തിയേഴാം വയസ് മുതലാണ് മരുമക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ലളിതമായി പിറന്നാള്‍ ആഘോഷിച്ചു തുടങ്ങിയത്.
ഭാര്യയുടെ വിയോഗത്തോടെ പുറംലോകത്തിന്റെ ഇത്തരം ആഘോഷങ്ങള്‍ക്കു നിന്നുകൊടുക്കാതെ എഴുത്തിനേയും പുസ്തകങ്ങളേയും വളര്‍ത്തുമൃഗങ്ങളെയും താലോലിച്ച് സഹായിയും സഹചാരിയുമായ രാമചന്ദ്രനൊപ്പമാണ് പള്ളിക്കുന്നിലെ വീട്ടില്‍ ടി.പദ്മനാഭന് ഇപ്പോൾ കഴിയുന്നത്. പിറന്നാൾ ആശംസകൾ നേരാൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇന്നു രാവിലെ പദ്മനാഭന്റെ വീട്ടിൽ എത്തുന്നുണ്ട്. ജന്മദിനാഘോഷം ഇന്നു രാവിലെ പയ്യന്നൂര്‍ പോത്താങ്കണ്ടം ആനന്ദഭവനില്‍ നടക്കും.
രാവിലെ ഒന്‍പതിന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, കുറിച്ചി നടേശനും സംഘവും അവതരിപ്പിക്കുന്ന അര്‍ജുനനൃത്തം, ടി.എം. പ്രേംനാഥ് അവതിരിപ്പിക്കുന്ന മയൂരനൃത്തം എന്നിവ നടക്കും. 10.30ന് ദീപം തെളിക്കലും തുടർന്ന് സാംസ്കാരിക സമ്മേളനവും നടക്കും. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സംഗീതസംവിധായകന് വിദ്യാധരന്, എം. ജയചന്ദ്രന്, ആലങ്കോട് ലീലാകൃഷ്ണന്, കെ.ജി. വേണുഗോപാല്‍, ഷീല എന്‍. ദേവി എന്നിവര്‍ പങ്കെടുക്കും.