കൂട്ടുപുഴ പോലീസ് എയ്ഡ്പോസ്റ്റിൽ വെള്ളവും വെളിച്ചവുമെത്തി
1486707
Friday, December 13, 2024 5:06 AM IST
ഇരിട്ടി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായുള്ള കാത്തിരിപ്പിനു ശേഷം കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റിൽ വെള്ളവും വൈദ്യുതിയുമെത്തി. ഉദ്ഘാടന വേളയിൽ ഒരുമാസത്തിനുള്ളിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷൻ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ഇതിനായി ആറുമാസക്കാലമാണ് കാത്തിരിക്കേണ്ടി വന്നത്.
സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച് പ്രവർത്തനമാരംഭിച്ച എയ്ഡ് പോസ്റ്റിൽ വെള്ളവും വെളിച്ചവുമില്ലാതെ ദുരിതാവസ്ഥയിൽ സേനാംഗങ്ങൾ ജോലി ചെയ്യുന്ന സാഹചര്യം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
24 മണിക്കൂറും എയ്ഡ് പോസ്റ്റിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രഥമിക ആവശ്യങ്ങൾക്ക് പോലും സ്വകാര്യ വ്യക്തിയുടെ ശുചിമുറിയെയായിരുന്നു ആശ്രയിച്ചത്. ഒരാഴ്ച മുന്പാണ് എയ്ഡ്പോസ്റ്റിൽ വൈദ്യുത കണക്ഷൻ ലഭിച്ചത്. ടാങ്കും മോട്ടോറും ഉൾപ്പെടെ വെള്ളത്തിന്റെ സൗകര്യം ഒരുക്കുന്ന അവസാനഘട്ട പണികളാണ് ഇപ്പോൾ നടന്നു വരുന്നത്.