ഉത്സവ സീസണുകളിലെ അനധികൃത കച്ചവടത്തിനെതിരേ തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോ.
1486702
Friday, December 13, 2024 5:06 AM IST
തളിപ്പറമ്പ്: ഉത്സവ സീസണുകളിലെ സമാന്തര അനധികൃത കച്ചവടങ്ങള്‍ അവസാനിപ്പിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ എല്ലാവിധ നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് നല്ലനിലയില്‍ വ്യാപാരം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിക്കും നിവേദനം നല്കി.
ക്രിസ്മസ്-ന്യൂഇയര്‍ സീസണുകളില്‍ വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും അനധികൃത കച്ചവടം നടത്തുന്നവര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നഗരം വൃത്തിഹീനമാക്കുകയും ചെയ്യുകയാണ്. ക്രമസമാധാനം പോലും തകര്‍ക്കുന്ന രീതിയിലുള്ള ഇത്തരം വ്യാപാരങ്ങള്‍ നഗരസഭ ഇടപെട്ട് കര്‍ശനമായി തടയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീന്, ട്രഷറര്‍ ടി. ജയരാജ്, എം.വി. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.