സിഗ്നലിലെ ബാറ്ററികൾ മോഷണം പോയി
1487591
Monday, December 16, 2024 6:36 AM IST
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് പാതയിൽ ഈസ്റ്റ് പള്ളൂരിൽ സിഗ്നലിലെ ബാറ്ററികൾ മോഷണം പോയി. എട്ടോളം ബാറ്ററികൾ മോഷണം പോയെന്ന് സിഗ്നലിന്റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി. ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്റെ പ്രവർത്തനം നിലച്ചു ഇതോടെ സ്പിന്നിംഗ് മിൽ-മാഹി റോഡ് അടച്ചു. ബാറ്ററി പുനസ്ഥാപിച്ചു സിഗ്നൽ പ്രവർത്തനം ആരംഭിക്കുകയോ ട്രാഫിക്ക് പോലീസിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചാലോ മാത്രമേ റോഡ് തുറക്കാൻ കഴിയുകയുള്ളു.
മാഹി സിഐ ആർ ഷൺമുഖം, പള്ളൂർ എസ്ഐ സി.വി. റെനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന സ്ഥലം പരിശോധിച്ചു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈപ്പാസ് തുറന്നപ്പോൾ മൂന്നു മാസത്തിനകം സിഗ്നലിൽ വൈദ്യുതീകരണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും നടന്നില്ല.
ഞായറാഴ്ച്ച സിഗ്നൽ തകരാറ് പരിഹരിക്കാൻ കണ്ണൂർ കെൽട്രോൺ ജീവനക്കാർ എത്തി പരിശോധിക്കുമ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം അറിയുന്നത്. ഇന്നുമുതൽ ചൊക്ലി-മമ്മിമുക്ക് റോഡ് 19 വരെ മെക്കാഡം ടാറിംഗിനായി അടയ്ക്കുകയും ചെയ്യും. ഇതുമൂലം ചൊക്ലിയിൽ നിന്ന് പരീക്ഷയ്ക്ക് മാഹിയിൽ എത്തേണ്ട വിദ്യാർഥികളടക്കമുള്ള യാതക്കാർ ദുരിതത്തിലാകും.