പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി
1487030
Saturday, December 14, 2024 6:21 AM IST
പയ്യന്നൂർ: ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ138 പരാതികൾ തീർപ്പാക്കി. ആറുവരെ ഓൺലൈനായും നേരിട്ടും 191 പരാതികളാണ് ലഭിച്ചത്. 326 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 517. അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ ഒമ്പത് പേർക്ക് മന്ത്രി മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പല കാരണങ്ങൾ കൊണ്ട് പരിഹരിക്കാനാവാതെ കിടക്കുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വേദിയാണ് താലൂക്ക് അദാലത്തുകളെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി കടന്നപ്പള്ളി പറഞ്ഞു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷനായിരുന്നു. എം. വിജിൻ എംഎൽഎ, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്ത് 16ന് ഇരിട്ടിയിൽ സമാപിക്കും. രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ്സ് പള്ളി ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത് നടക്കുക.
ശരീരം തളർന്ന
ആഷ്ലിക്ക് ആശ്വാസം
ശരീരത്തിന്റെ വലതുവശം തളർന്ന, ഹൃദയസംബന്ധമായ അസുഖമുള്ള, ഓട്ടോ ഡ്രൈവറായിരുന്ന ചെറുപുഴ ചുണ്ട സ്വദേശി ആഷ്ലി ജെയ്സണിന് പെട്ടിക്കട തുടങ്ങാൻ സാമ്പത്തിക സഹായം അനുവദിക്കാൻ ജില്ലാ സമൂഹ്യ നീതി വകുപ്പിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശം നല്കി. ഇതിനു വേണ്ടി ഏജൻസിയെ കണ്ടെത്തി കാലതാമസം കൂടാതെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു. കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിലാണ് മന്ത്രിയുടെ നിർദേശം.
ആഷ്ലിക്ക് ഭിന്നശേഷി ക്ഷേമ കോർപറേഷൻ മുഖാന്തരം പെട്ടിക്കട തുടങ്ങാൻ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള മാർഗ നിർദേശം ജില്ലാ സാമൂഹ്യ നീതി ഓഫീസർ നല്കി. ഐസിഡിഎസ് സൂപ്പർവൈസർ പഞ്ചായത്തുമായി ചേർന്ന് സഹായം ഒരുക്കും. ചികിത്സക്കായി വീടും സ്ഥലവും വിറ്റ ആഷ്ലിയും ഭാര്യയും ഇപ്പോൾ വാടക വീട്ടിലാണ് താമസം.
മോഹനന് പെൻഷൻ
ലഭിക്കാൻ ഡിഎംഒ
ശിപാർശ നല്കും
അനാരോഗ്യം കാരണം ജോലി ചെയ്യാൻ സാധിക്കാത്ത തിരുമേനി സ്വദേശി ആർ. മോഹനന് പെൻഷൻ ലഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും സർക്കാരിലേക്ക് ഉടൻ ശിപാർശ അയയ്ക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. കേരള കള്ള് ഷാപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, പൂർണമായും ശാശ്വതമായും ഒരു ജോലിയും ചെയ്യാൻ കഴിയില്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും പെൻഷൻ നടപടി സ്വീകരിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ശിപാർശ സഹിതം ഉടൻ അയയ്ക്കണമെന്ന് മന്ത്രി നിർദേശിച്ചു. കഴിഞ്ഞ രണ്ടുവർഷമായി തിരുമേനിയിലുള്ള ഷാപ്പിൽ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ. പെൻഷൻ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ മകളോടൊപ്പാണ് മോഹനൻ അദാലത്തിന് എത്തിയത്.
ചെറുപുഴ-പാണ്ടിക്കടവ്- മണിമലക്കുന്ന്
റോഡ് ആസ്തിയിൽ
ഉൾപ്പെടുത്തും
ചെറുപുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽപ്പെട്ട ചെറുപുഴ-പാണ്ടിക്കടവ്-മണിമലക്കുന്ന് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ പയ്യന്നൂർ താലൂക്ക് അദാലത്തിൽ തീരുമാനമായി. റോഡ് കമ്മിറ്റി കൺവീനർ ബിനു പുളിമൂട്ടിൽ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. റോഡ് നേരത്തെ പഞ്ചായത്ത് രേഖകളിൽ ഉണ്ടായിരുന്നതും ടാറിംഗ് നടത്തിയതുമാണ്. എന്നാൽ, ഇപ്പോൾ റോഡ് പഞ്ചായത്ത് രേഖകളിൽ ഇല്ലെന്ന് റോഡ് കമ്മിറ്റി പരാതിപ്പെട്ടു.
പരാതി സംബന്ധിച്ച് പഞ്ചായത്തിന്റെ സാങ്കേതിക വിഭാഗം നേരിട്ട് അന്വേഷിച്ചതായും അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.