സമ്പൂർണ ഹരിതമായി മാലൂരിലെ അയൽക്കൂട്ടങ്ങൾ
1487033
Saturday, December 14, 2024 6:21 AM IST
മാലൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും "ഹരിത അയൽക്കൂട്ടങ്ങൾ' ആയി. സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഗീത മുഖ്യാഥിതിയായി.
ഹരിത അയൽക്കൂട്ട സർട്ടിഫിക്കറ്റ് വിതരണം കുടുബശ്രീ ജില്ലാ കോ-ഓഡിനേറ്റർ എം.വി. ജയനും ഹരിതകർമസേനയെ ആദരിക്കൽ ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എം. സുനിൽകുമാറും പദ്ധതി വിശദീകരണം ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണയും നിർവഹിച്ചു.
15 വാർഡുകളിലായി 240 അയൽക്കൂട്ടങ്ങളാണ് പഞ്ചായത്തിലുള്ളത്. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായവരുടെ വീടുകളിൽ കൃത്യമായ ജൈവ-ദ്രവ്യ മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്നും അജൈവ മാലിന്യം ഹരിതകർമസേനയ്ക്കു കൈമാറുന്നുവെന്നും ഉറപ്പുവരുത്തിയാണു സമ്പൂർണ പ്രഖ്യാപനം നടത്തിയത്. സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്തുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് മാലൂർ.
വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. രജനി, രമേശൻ കൊയിലോടൻ, രേഷ്മ സജീവൻ, പഞ്ചായത്ത് സെക്രട്ടറി വി. പവിത്രൻ, കെ. രേഷ്മ, സിഡിഎസ് ചെയർപേഴ്സൺ സുമതി കരിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.