വിശ്വാസികളുടെ മനസുനിറച്ച് ഗായകസംഘം
1486717
Friday, December 13, 2024 5:06 AM IST
ചിറ്റാരിക്കാൽ: ഭക്തിയുടെയും സമർപ്പണത്തിന്റെയും വാഴ്ത്തുപാട്ടുകളിലൂടെ ദിവ്യകാരുണ്യ നഗറിലെത്തുന്ന വിശ്വാസികളുടെ മനസുനിറയ്ക്കുകയാണ് തോമാപുരം തോമസീയൻ മെലഡീസ് ഗായക സംഘം. തോമാപുരം ഫൊറോന പള്ളി ഇടവകാംഗങ്ങളായ 42 പേരാണ് ഗായകസംഘത്തിലുള്ളത്. 37 വനിതകളും അഞ്ചു പുരുഷന്മാരുമടങ്ങുന്ന സംഘത്തിൽ എട്ടു വയസു മുതൽ 50 വയസുവരെ പ്രായമുള്ളവരുണ്ട്.
ഓഡിഷൻ നടത്തിയാണ് ഗായകരെ തെരഞ്ഞെടുത്തത്. സംഗീത സംവിധായകനും ഗാനരചയിതാവും ചിറ്റാരിക്കാൽ ഈട്ടിത്തട്ടിലെ ഡബ്ല്യുഎംസി സ്റ്റുഡിയോ ഉടമയുമായ ജസ്റ്റിൻ തോമസ് പീടികയ്ക്കപ്പാറയാണ് ഗായകസംഘത്തിന് നേതൃത്വം നൽകുന്നത്. കർണാടിക് സംഗീതത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ജസ്റ്റിൻ കഴിഞ്ഞ 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ദിവ്യകാരുണ്യ കോൺഗ്രസിലെ ആദ്യ മൂന്നു ദിവ്യബലികൾക്കാണ് ഇവർ ഗാനങ്ങൾ ആലപിക്കുന്നത്. സമാപനദിവസമായ നാളെ നടക്കുന്ന ദിവ്യബലിക്ക് പാലാവയൽ പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിൽ തോമാപുരം ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകരാണ് ഗാനങ്ങൾ ആലപിക്കുക.