ദിവ്യകാരുണ്യ കോൺഗ്രസിന്റെ രണ്ടാംദിനവും ജനസാഗരം
1486715
Friday, December 13, 2024 5:06 AM IST
ചിറ്റാരിക്കാൽ: തോമാപുരത്തെ ദിവ്യകാരുണ്യ നഗറിൽ തെളിഞ്ഞ വിശ്വാസത്തിന്റെ ദീപം ചൈതന്യവത്തായി ജ്വലിച്ചപ്പോൾ മണ്ണിലും മനസുകളിലും ദൈവസാന്നിധ്യത്തിന്റെ അനുഭവം ശോഭ പകർന്നു.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ രണ്ടാംദിനത്തിൽ നടന്ന യു ടോക്ക് യുവജന സിമ്പോസിയം കാലത്തിന്റെ മാറ്റത്തിനൊപ്പവും വിശ്വാസവഴികളിലെ ദിശാബോധം കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിനുള്ള സന്ദേശം യുവജനങ്ങളിലേക്ക് പകർന്നുനല്കി. തലശേരി അതിരൂപത യൂത്ത് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ യു ടോക്ക് യുവജന സിമ്പോസിയം വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ മാറ്റങ്ങളിൽ സഭ യുവജനങ്ങളെ അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തലശേരി അതിരൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഖിൽ മുക്കുഴി അധ്യക്ഷത വഹിച്ചു. ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സിമ്പോസിയത്തിലെ ആദ്യ സെഷനിൽ ദൈവവിശ്വാസം എന്ന വിഷയത്തിൽ ആലുവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലീജിയൻ ഡയറക്ടർ റവ.ഡോ.അഗസ്റ്റിൻ പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി.
വിശ്വാസജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യേണ്ടത് സ്വയം ചോദ്യങ്ങൾ ചോദിച്ചാണെന്നും വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് യുവജനങ്ങളുടെ വിശ്വാസജീവിതത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റർ അഡ്വ. ജോസിയ എസ്ഡി വിഷയം അവതരിപ്പിച്ചു. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ചർച്ച നിയന്ത്രിച്ചു.
സമുദായം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഉച്ചയ്ക്കുശേഷം നടന്ന സെഷനിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ഡോ.സജിമോൻ പാലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സമുദായത്തിനുവേണ്ടി തെരുവിലിറങ്ങാൻ യുവജനങ്ങൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ.ജോസഫ് കാക്കരമറ്റം വിഷയാവതരണം നടത്തി. അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ ചർച്ച നിയന്ത്രിച്ചു. ജോബി ജോൺ മൂലയിൽ, സിജോ അമ്പാട്ട്, അബിൻ വടക്കേക്കര, വിപിൻ ജോസഫ്, എബിൻ കുമ്പുക്കൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.വൈകുന്നേരം അഞ്ചിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിച്ചു.
അനുദിന ജീവിതത്തിൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും കുടുംബജീവിതത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തെ പുനഃസ്ഥാപിക്കണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. അനുഗ്രഹിക്കപ്പെട്ട ജനമാണ് വിശുദ്ധ കുർബാനയെ ആശ്രയിക്കുന്നത്. പരിശുദ്ധ അമ്മയെ പോലെ ദിവ്യകാരുണ്യമേന്തി സഞ്ചരിക്കുന്ന സക്രാരികളാകാൻ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ട്. എന്നും വിശുദ്ധിയോടെ ജീവിക്കാൻ വിശുദ്ധ കുർബാന പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഫാ.ഡാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള വചന പ്രഘോഷണത്തിന്റെ രണ്ടാംദിനത്തിൽ വിശ്വാസികൾ ആരാധനകളിലൂടെ ദിവ്യകാരുണ്യ സാന്നിധ്യത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞു.