സർക്കാർ നിർമാണരംഗത്ത് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നു: മന്ത്രി
1487601
Monday, December 16, 2024 6:36 AM IST
പയ്യന്നൂർ: നിയമസഭാ മണ്ഡലത്തിലെ എരമം-കുറ്റൂർ പഞ്ചായത്തിൽ പാണപ്പുഴയ്ക്ക് കുറുകെ മാതമംഗലത്ത് നിർമിച്ച കുഞ്ഞിത്തോട്ടം പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സർക്കാർ നിർമാണരംഗത്ത് പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ട് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാലങ്ങൾ കൂടുതൽ കാലം ഈടുനിൽക്കുന്ന പുതിയ നിർമാണ രീതികൾ സർക്കാർ പരിശോധിച്ചുവരികയാണ്.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് സർക്കാറിന്റെ നയം. അതിന് നൂതന സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുകയാണന്നും മന്ത്രി പറഞ്ഞു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം, ടി. തമ്പാൻ, എരമം- കുറ്റൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സരിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, കെ.പി. രമേശൻ, പഞ്ചായത്ത് അംഗം പി.വി. വിജയൻ, പാലങ്ങൾ വിഭാഗം എക്സിക്യുട്ടീസ് എൻജിനിയർ കെ.എം ഹരീഷ്, അസിസ്റ്റന്റ് എൻജിനിയർ വി.വി. മണിപ്രസാദ്, സി. സത്യപാലൻ, സംഘാടകസമിതി കൺവീനർ പി.വി. ശങ്കരൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.വി. ഗോവിന്ദൻ, പി. ഗംഗാധരൻ, എം.വി. ശ്രീനിവാസൻ, ടി.പി. മഹമൂദ് ഹാജി, അജിത്കുമാർ അനിക്കം എന്നിവർ പ്രസംഗിച്ചു.