തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ 154 പരാതികൾ തീർപ്പാക്കി
1486706
Friday, December 13, 2024 5:06 AM IST
തളിപ്പറമ്പ്: താലൂക്ക് മിനി സിവിൽ സ്റ്റേഷനിൽ നടന്ന കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 154 പരാതികൾ തീർപ്പാക്കി. ആറുവരെ ഓൺലൈനായും നേരിട്ടും 203 പരാതികളാണ് ലഭിച്ചത്. 302 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ഇതിൽ 121 പേർ മന്ത്രിയെ നേരിട്ട് കണ്ടു. ആകെ 505 അപേക്ഷകൾ ലഭിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന അദാലത്തുകൾ സാമൂഹ്യ നീതി നിർവഹണത്തിന്റെ ഭാഗമാണെന്നും ജനകീയ പ്രശ്നങ്ങൾ അടയന്തരമായി പരിഹരിക്കുമെന്നും അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ കൂടി അദാലത്തിൽ പങ്കെടുക്കുന്നതിനാൽ നിയമപരമായി പരാതികളിൽ തീർപ്പുണ്ടാകും. ജനങ്ങളെ നേരിൽ കണ്ട് പരാതികൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ഇത്തരം അദാലത്തുകൾ ബഹുജന സമ്പർക്ക പരിപാടിയായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പുതിയ പരാതികൾ അതാത് വകുപ്പുകൾക്ക് കൈമാറി രണ്ടാഴ്ചയ്ക്കകം മറുപടി നൽകും.
അദാലത്തിൽ 37 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു. അദാലത്തിന് മന്ത്രിയോടൊപ്പം എം. വിജിൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, ആർഡിഒ ടി.വി. രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ എന്നിവർ നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷനായി. സജീവ് ജോസഫ് എംഎൽഎ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, ഭൂരേഖ തഹസിൽദാർ കെ. ചന്ദ്രശേഖരൻ, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.